Pages

Wednesday, December 19, 2012

ഇരുട്ടിനെ ഭയക്കുന്നവര്‍ നമ്മള്‍

അമ്പലത്തില്‍ ഉത്സവകാലത്ത് ഗാനമേള ഒരു പതിവ് കാഴ്ച ആണ്. ഭക്തി ഗാനമേള എന്നൊക്കെ എഴുതും എങ്കിലും സംഭവം അടിപൊളി പാട്ട് തന്നെ. ഒരിക്കല്‍ എന്‍റെ അനിയത്തി ശ്യാമയ്ക്ക്  ഗാനമേളക്ക് പോകണം എന്ന് ഒരേ വാശി. അച്ഛന്‍ ആണെങ്കില്‍ ഒരു വിധത്തിലും സമ്മതിക്കുന്നില്ല . Usually സപ്പോര്‍ട്ട് ചെയ്യാറുള്ള അമ്മ ആണെങ്കില്‍ ഒരേ പിന്തിരിപ്പന്‍ നയം. ഗാനമേള വളരെ രാത്രി ആണ് , ഉറക്കം തെറ്റും , ഉത്സവപറമ്പില്‍  ഭയങ്കര പൊടി ആണ് എന്നൊക്കെ. അവസാനം അച്ഛന്‍ പറഞ്ഞു പെണ്‍കുട്ടികള്‍ രാത്രി കാലത്ത് പുറത്തു നടക്കുന്നത് safe അല്ല എന്ന്.  എന്നാല്‍ നമ്മള്‍ എല്ലാര്‍ക്കും പോകാം എന്നായി ശ്യാമ . അങ്ങനെ തര്‍ക്കം കുറെ നേരം മൂത്തു അവസാനം അവള്‍ കുറെ കരഞ്ഞു തോല്‍വി സമ്മതിച്ചു കിടന്നുറങ്ങി.

ഇങ്ങനെ ഒക്കെ തന്നെ ആവും മിക്ക കുടുംബങ്ങളിലെയും കഥ. പെണ്‍കുട്ടികളെ നമ്മള്‍ ഇരുട്ടത്ത്‌ പുറത്തേക്കു വിടാന്‍ വിസമ്മതിക്കുന്നു . ഇവിടെ എന്‍റെ അച്ഛനും, അമ്മയും, ഞങ്ങളും ഒക്കെ വളര്‍ന്ന അതെ നാടായിട്ടു പോലും ഇവര്‍ പുറം ലോകത്തെ എന്തിനോ  ഭയക്കുന്നു . വിദ്യാഭ്യാസം ഉള്ള ഒരു സമൂഹം ഉണ്ടായാലും , നാടിന്‍റെ പുരോഗതി അതിവേഗത്തില്‍ ആണെങ്കില്‍ പോലും , നമ്മള്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായി ഒന്നും തന്നെ ചെയ്യുന്നില്ല എന്നതാണ് സത്യം . അങ്ങനെ ഉള്ളപോള്‍ ഏതൊരു രക്ഷിതാവും defensive ആവും. പെണ്‍കുട്ടികളെ വീട്ടിലും, ബുര്‍ഖയിലും അടച്ചിടുന്നത് സംസ്കാരം എന്നോ തറവാടിത്തം എന്നോ പറയും എങ്കിലും ഉള്ളില്‍ ഉള്ളത് അതെ ഭയം തന്നെ ആണ്.

എന്‍റെ dear friend അംബിക കുറച്ചു കാലം സുഡാനില്‍ ജോലി ചെയ്തിരുന്നു . സുഡാനിലെ താമസം , ശമ്പളം , സൌകര്യം എന്നിവയെക്കാള്‍ ഏറെ അവളെ ബോധിച്ചത് അവിടെ അവള്‍ അനുഭവിച്ച freedom . നാട്ടില്‍ വളര്‍ന്ന ഏതൊരു പെണ്‍കുട്ടിക്കും കിട്ടാത്ത അമൂല്യമായ ഒരു അനുഭവം. ഓഫീസില്‍ നിന്ന് വൈകി ഇറങ്ങാന്‍ പേടിക്കേണ്ട, പുറത്തു പോയി ഭക്ഷണം കഴിക്കാന്‍ സമയം നോക്കേണ്ട, എസ്കോര്‍ട്ട് വേണ്ട  അങ്ങനെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ . സുഡാനില്‍ നടക്കുന്നത് ഒരിക്കലും ഇന്ത്യയിലും കേരളത്തിലും  നടക്കില്ല . അതിനു കാരണം സ്ത്രീയോട് ഉള്ള  നമ്മുടെ  ഉള്‍കാഴ്ച ആണ്.

നാട്ടില്‍ ഓരോ പീഡനം നടക്കുമ്പോഴും സുരക്ഷയുടെ പേരും പറഞ്ഞു  നാം ആദ്യം ചെയ്യുന്നത് പെണ്‍കുട്ടികളെ  വീടിന്‍റെ ഉള്ളിലേക്ക് തള്ളി വിടുന്നു എന്നതാണ് . മൃദുവായ നിയമ സമ്പ്രദായം മാറ്റാനോ , ഉടന്‍ തന്നെ ശിക്ഷ നടപ്പാക്കാനോ നമ്മള്‍ ശ്രമിക്കാറില്ല . കാന്‍സറിനെ ബാന്‍ഡ് ഐഡ് കൊണ്ട് ചികിത്സിക്കുന്നത് പോലെ പത്രങ്ങള്‍ വായിച്ചും ചാനല്‍ മാറ്റിയും 2 തെറിയും പറഞ്ഞു  പോലീസിനെയും , ഭരിക്കുന്ന മന്ത്രിമാരെയും കുറ്റ പെടുത്തുന്നു . എന്തിനു ഏറെ, ഇത്തരത്തില്‍ ഒരു സംഭവം നമ്മുടെ കണ്മുന്നില്‍  നടക്കുമ്പോള്‍ പോലും നമ്മള്‍ അത് കണ്ടില്ല എന്ന് നടിക്കുകയാണ് പതിവ് . എന്‍റെ ഭാര്യയും , പെങ്ങളും, മകളും , അമ്മയും safe ആണോ എന്ന് മാത്രമേ നമ്മള്‍ ചിന്തിക്കു . സമൂഹത്തില്‍ നിന്നും ഇത്തരം വൃത്തികേടുകള്‍ തുടച്ചു മാറ്റണം എങ്കില്‍ നമ്മള്‍ തുനിഞ്ഞു ഇറങ്ങണം .

ഡല്‍ഹിയിലെ ബലാല്‍സംഗം നമ്മുടെ ഹൃദയം തകര്‍ക്കുന്നു. ഇത്തരം അനിഷ്ട സംഭവങ്ങള്‍ തടയാന്‍ വേണ്ടത് നിയമങ്ങള്‍ മാത്രം  അല്ല മറിച്ചു നമ്മുടെ സാമൂഹിക പ്രതിബദ്ധത ആണ് നമ്മളെ സഹായിക്കേണ്ടത് . തുക്ക് കയര്‍ അല്ലെങ്കില്‍ ഏതെങ്കിലും ഒരു രീതിയിലെ  capital punishment എന്ന ഒറ്റമൂലി കൊണ്ട് ഇത്തരം സംഭവങ്ങള്‍ നമ്മുടെ ഇടയില്‍ നിന്നും  എടുത്തു മാറ്റാന്‍ പറ്റില്ല എന്ന് ഇനി എങ്കിലും മനസ്സിലാക്കണം . മറിച്ച് , എന്‍റെ കണ്മുന്നില്‍ ഒരുത്തനും ഇങ്ങനത്തെ ഒരു തെണ്ടിത്തരം കാണിക്കില്ല എന്ന് നമ്മള്‍ ആദ്യം ഉറപ്പു വരുത്തണം,  പെണ്‍കുട്ടികളെ സ്വയം സംരക്ഷിക്കാന്‍ പ്രാപ്തര്‍ ആക്കണം, ഇത്തരത്തില്‍ ഒരു സംഭവം കാണുകയോ കേള്‍ക്കുകയോ ചെയ്‌താല്‍ പോലീസിനെ അറിയിച്ചു നടപടി എടുപ്പിക്കാന്‍ അറിഞ്ഞിരിക്കണം അല്ലെങ്കില്‍ തടയണം. വീട്ടിലെ ആണ്‍കുട്ടികളോട് ധൈര്യമായി ഇത്തരം  പ്രശ്നങ്ങള്‍ വിശകലനം ചെയ്യണം, അവരെ നേര്‍വഴി പഠിപ്പിക്കണം.

ഏതോ 4-5 പിള്ളേരുടെ ഞരമ്പ്‌ രോഗമായി അല്ല ഇതിനെ കാണേണ്ടത് .  ഇതിന്‍റെ വേരുകള്‍ അതിനേക്കാള്‍ ഏറെ ആഴത്തില്‍ ആണെന്ന് ഓര്‍ക്കുക. ജീവന് വേണ്ടി പോരാടുന്ന പെണ്‍കുട്ടിക്ക് വേണ്ടി പ്രാര്‍ത്തിക്കുക.

1 comment:

kozhissery said...

veetile ammamaar aan pen differance illaathe makkale valarthanam.

Love to hear what you think!
[Facebook Comment For Blogger]