Pages

Tuesday, November 8, 2016

കലികാലവിളയാടലുകൾ

ദേവലോകത്തു ആകേ ആശങ്കയാണ് . കലിയുഗം അവസാനിക്കാൻ ഇനിയും കൊല്ലവര്ഷങ്ങൾ ഏറേ കിടക്കുന്നു പക്ഷേ മനുഷ്യൻ റോക്കറ്റിന്റെ സ്പീഡിൽ ആണ് പാപങ്ങൾ ചെയ്തു കൂട്ടുന്നത് . കൽക്കിയുടെ അവതാരം പ്രീപോണ് ചെയ്യാൻ പറ്റുമോ എന്ന് ചോദിയ്ക്കാൻ ഭഗവാൻ വിഷ്ണുവിന്റെ മുന്നിൽ എല്ലാ ദൈവങ്ങളും എത്തിയിട്ടുണ്ട് . പ്ലാനുകൾ തെറ്റിക്കുന്ന ആൾ അല്ല പുള്ളിക്കാരൻ പക്ഷേ എന്ത് ചെയ്യാം ലോകനാശം സംഭവിച്ചതിനു ശേഷം കൽക്കി ആയി വന്നിട്ട് വേണം ട്രോളന്മാർ കൽക്കിയെ കേരളാ പോലീസിനോട് ഉപമിക്കാൻ . കൂലംകൃശമായ ചിന്തകൾക്ക് ഒടുവിൽ ഇപ്പോഴത്തെ സ്റ്റാറ്റസ് അറിയാൻ ഒരു ദൂതനെ വിടാം എന്നായി തീരുമാനം . വോട്ടിംഗ് ആരംഭിച്ചു , എസ്. എം.എസ് വോട്ടിങ്ങിൽ രാമ ഭക്തൻ ഹനുമാൻ നാരദനെ തോൽപ്പിച്ചു . അങ്ങനെ മലയാള വര്ഷം 1192 തുലാം 24'നു സമയം 11 മണിക്ക് ആഞ്ജനേയൻ എ.കെ.എ ഹനുമാൻ സുൽത്താൻപേട്ട ജംക്ഷനിൽ പ്രത്യക്ഷപെട്ടു .

കുരങ്ങനെ പോലേ വേഷം ധരിച്ച ഒരാളേ കാണാൻ ആൾക്കാർ വാഹനം സ്ലോ ചെയ്തു, ചിലർ ഹോൺ അടിച്ചു ആവേശം പ്രകടിപ്പിച്ചു . ചില ഫ്രീക്കൻ പിള്ളേർ ഹനുമാനെ ബാക്ക്ഗ്രൗണ്ടിൽ ആക്കി ഒരു സെൽഫി എടുത്തു ഫേസ്‌ബുക്കിൽ ഇട്ടു വൈറൽ ആക്കി . ട്രാഫിക് ജാം ഉണ്ടാക്കിയതിന്
 കർമധീരനായയ്‌ കോൺസ്റ്റബിൾ കുട്ടൻ പിള്ള ഹനുമാന് ഒരു പെറ്റി അടിച്ചു കൊടുത്തു . ഇതേ സമയം അങ്ങ് കൽപ്പാത്തി അഗ്രഹാരത്തിൽ പൂജാകര്മങ്ങള്ക്കു ഇടയിൽ ഒരു അശരീരി കേട്ടു. അശരീരി ഫിനിഷ് ചെയ്യും മുൻപേ  'ഹനുമാൻ പാലക്കാടിൽ  വറ പോരാൻ ,  ഹനുമാൻ പാലക്കാട്ടിൽ വന്താച്ചു , എല്ലാവരും വാങ്കോ' എന്ന് വിളിച്ചു കൂവി കുടുമ പറത്തി കൊണ്ട് ഗണേഷ് അയ്യർ ബൈക്കിൽ പാഞ്ഞു . അശരീരി കേട്ടവർ കേൾക്കാത്തവർ ഫേസ്‌ബുക്കിൽ കണ്ടവർ ലൈക് അടിച്ചവർ എല്ലാവരും ഹനുമാൻ ഒറിജിനൽ ആണോ എന്നറിയാൻ സുൽത്താൻപേട്ടയിലേക്കു വെച്ച് പിടിച്ചു .

ഇതേ സമയം Mr. ആഞ്ജനേയൻ ഗദയും തൂക്കി മന്ദം മന്ദം ടിപ്പുവിന്റെ കോട്ടയിലേക്ക് നടക്കുകായാണ്.  സംഭവം പുള്ളിക്ക് ഒരു ജമ്പിനു ഉള്ളതേ ഉള്ളു എന്നാലും നാടും പരിസരവും ഒക്കെ ഒന്ന് കാണാം എന്ന ആഗ്രഹം ആവും ഇങ്ങനെ നടന്നു പോകാൻ ഉള്ളതിന്റെ പിന്നിലേ  രഹസ്യം . അങ്ങനെ ഓരോ അടി മുന്നോട്ടു വെയ്ക്കുന്തോറും പിന്നിലേ ജനപ്രവാഹം വർദ്ധിച്ചു വർദ്ധിച്ചു വന്നു.  ടിപ്പുവിന്റെ കോട്ടയുടെ അകത്തു ഉള്ള ഹനുമാൻ കോവിലിന്റെ മുന്നിൽ എത്തിയപ്പോൾ അദ്ദേഹം തിരിഞ്ഞു നിന്ന് ജനപ്രവാഹത്തെ നോക്കി തെല്ലു മന്ദഹാസത്തോടെ കൈ കൂപ്പി പ്രണമിച്ചു . അവിടേ കണ്ട ഒരു പാറക്കല്ലിൽ ഉപവിഷ്ടനായി കണ്ണടച്ച് തപസ്സു ആരംഭിച്ചു .

ജയ് ശ്രീ രാം .... ജയ് ശ്രീ രാം .... ജയ് ശ്രീ രാം..

ഈ മന്ത്രോച്ചാരണത്തിൽ ജനം നിശബ്ദമായി. ഇതേ സമയം ദില്ലിയിൽ നിന്നും അജിത് ഷായും സംഘവും ഹനുമാനെ കാണാൻ ഹെലികോപ്റ്ററിൽ പുറപ്പെട്ടിട്ടുണ്ട് എന്ന് ദില്ലിയിൽ നിന്നും നിഷാന്ത് രഘുവംശം അറിയിച്ചു. "ഇന്ത്യ വാൻറ്സ് റ്റു നോ" ചാനെൽകാരൻ ഹനുമാനെ അയാളുടെ ചാനലിൽ വരാൻ വെല്ലു വിളിച്ചു. അങ്ങ് അമേരിക്കൻ മീഡിയയിൽ യു. എഫ്. ഓ ഏലിയൻ അപ്പിയർസ് ഇൻ ഇന്ത്യ എന്ന് പറഞ്ഞു ഫ്രീക്കന്മാരുടെ കൂടേ ഉള്ള ഹനുമാന്റെ സെൽഫി പ്രചരിപ്പിച്ചു . ഈ കാണുന്നത് അമേരിക്കയുടെ ബഹിരാകാശ പരീക്ഷണങ്ങളുടെ പരാജയം ആണെന്ന് റഷ്യൻ പ്രസിഡന്റ് അപലപിച്ചു കൂട്ടത്തിൽ ഇന്ത്യയെ പുകഴ്‌ത്തുകയും ചെയ്തു  . ഇതേ സമയം ഇതിനു പിന്നിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പിടിപ്പുകേടാണ് എന്ന് ദില്ലി മുഖ്യമന്ത്രി ചുഴലിവാൾ പത്രസമ്മേളനത്തിൽ അറിയിച്ചു .

താൻ കേരള മുഖ്യമന്ത്രി ആയിരിക്കും കാലത്തു തന്നോട് ചോദിക്കാതെ പ്രത്യക്ഷപ്പെട്ടത് ഒരു തരം കുലം കുത്തി ഏർപ്പാട് ആയി പോയി എന്ന് കൈതേരി സഹദേവന്റെ ചെവിയിൽ  ഇളയരാജന്മാർ ഓതി. ഓനോട്‌ ക്ലിഫ് ഹൊസ്സിലേക്കു ഉടൻ വരാൻ ഉത്തരവ് പുറപ്പെടുവിച്ചു. രാജകല്പന അറിഞ്ഞ ഹനുമാൻ തലസ്ഥാനത്തേക്കു പറന്നു . ഹനുമാനെ വിളിച്ചു കേറ്റി സൽക്കരിച്ചതു ഹൈന്ദവ പ്രീണനം ആണെന്ന് സുരേഷ് എണ്ണത്തല ഫോൺ സന്ദേശം വഴി റിപ്പോർട്ടർ ചാനലിനെ അറിയിച്ചു . ഇതേ സമയം കണ്ണൂരിൽ ചെഗുവേരയുടെ ടീ ഷർട്ട് ഇട്ട ഹനുമാന്റെ കട്ട് ഔട്ട് പൊങ്ങി വന്നു , ഇത് കണ്ടു ആക്രോശിച്ചു സംഘികൾ ചേർന്നു ഒരു മാക്രിയേ തട്ടി . സൂര്യൻ അസ്തമിച്ചില്ല അതിനു മുൻപ് മാക്രികൾ പകരം വീട്ടി ഫൈനൽ സ്കോർ 1-1 . ബാക്കി ഒരു ഹർത്താലിന് ശേഷം കണ്ടിന്യു ചെയ്യാം എന്ന് ഇരു പാർട്ടിക്കാരും സമ്മതിച്ചു .ഹനുമാൻ ഈസ് സൊ കൂൾ എന്ന് കരുതുന്ന ചില സ്ത്രീരൂപങ്ങൾ ഹനുമാന്റെ കൂടേ നിന്ന് ഫോട്ടോ എടുക്കാൻ ഹനുമാനെ അപ്പ്രോച്ച് ചെയ്യുകയാണ് . പക്ഷേ ലൈഫ് ലോങ്ങ് ക്രോണിക് ബാച്ചലർ ആയ ഹനുമാൻ ആ ഓഫർ നിരസിക്കുന്നു . വെറും ഫോട്ടോ എടുക്കാൻ സമ്മതിക്കാത്ത ഇവനെ കെട്ടിയിട്ടു ഒരു ഫാമിലി ഫോട്ടോ എടുത്തിട്ടേ വീടു എന്ന് തീരുമാനിച്ചു  ശ്രീ കോമളവല്ലി അന്തർജ്ജനം ട്വിറ്ററിൽ #ReadyToMarry #SelfieFreedom എന്ന ഹാഷ്ടാഗുകൾ ആരംഭിക്കുന്നു . സ്ഥലത്തെ പ്രധാന ബുദ്ധിജീവികളും ഈച്ച ആട്ടി ഇരിക്കുന്ന ചാനലുകാരും ചേർന്ന് ഇതൊരു സെൻസേഷൻ ആക്കുന്നു . കാര്യങ്ങൾ പന്തി അല്ല എന്ന് അറിഞ്ഞു അജിത് ഷാ ഹെലികോപ്റ്റർ ഭോപ്പാലിൽ നിർത്തുന്നു. ഇത് കണ്ട  കേരളാ സർക്കാർ ശ്രീ കോമളവല്ലിയെ പ്രശംസിക്കുന്നു അതിലുപരി അവരേ ഹൈ കോടതിയിൽ സപ്പോർട്ട് ചെയ്യുന്നു . അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും സ്ത്രീകളുടെയും കൂടെയാണ് എന്ന് സോഷ്യലിസ്റ്റ് പാർട്ടി ഉള്ളത് എന്ന് കച്ചൂരി പത്രപ്രവർത്തകരോട് അറിയിക്കുന്നു . അവസാനം വൃശ്ചികം 21, 1192'നു പത്തിനും പതിനൊന്നിനും ഇടയ്ക്കു ഹനുമാന്റെയും കോമളവല്ലിയുടെയും വിവാഹം ഉറയ്പ്പിക്കുന്നു.  കോടതിയുടെ തീരുമാനം എതിർക്കുന്നവരെ പോലീസിനെ വെച്ച് നേരിടും എന്ന് കൈതേരി വെല്ലു വിളിക്കുന്നു .

ഗത്യന്തരം ഇല്ലാതെ ഹനുമാൻ ഭഗവാൻ വിഷ്ണുവിന് S. O. S അയച്ചു  , വന്നതിലും വേഗത്തിൽ അപ്രത്യക്ഷൻ ആവുകയും ചെയ്തു . തിരിച്ചു ദേവലോകത്തു എത്തിയിട്ട് ദേവേന്ദ്രനെ കാര്യങ്ങൾ ബോധിപ്പിക്കുന്നു . ഒന്നല്ല പതിനൊന്നു കൽക്കി എങ്കിലും വേണ്ടി വരും എന്നൊരു റഫ് എസ്റ്റിമേറ്റ് ഭഗവാൻ വിഷ്ണുവിനെ ഏൽപ്പിക്കുന്നു . ഭഗവാൻ ഒട്ടും ആശങ്കയില്ലാതെ അത് അപ്പ്രൂവ് ചെയ്യുകയും ചെയ്തു .

~~~~~~~~~~~~~~~~~~~~~~~ശുഭം~~~~~~~~~~~~~~~~~~~~~~

അടിക്കുറിപ്പ് : ഈ കഥയിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരുമായോ സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ  അത് തികച്ചും യാധൃശ്ചികം മാത്രം .


Monday, October 3, 2016

ത്രിമൂർത്തികൾ

ഇന്നലേ അലക്സ് മോന്റെ ഒന്നാമത്തേ പിറന്നാൾ പാർട്ടി ആയിരുന്നു . സ്ഥിരം കാണാറുള്ള മുഖങ്ങൾ ,
ഹലോ!! 
ഹൌ ടു യു ടു!! 
അവിടെ കുറച്ചു ഇടൂ!!  
ഇവിടെ കുറച്ചു ഇടൂ!!
എല്ലാം കഴിഞ്ഞപ്പോൾ ഞാൻ നൈസ് ആയിട്ട് ഫുഡ് സെക്ഷനിലേക്കു നീങ്ങി. നീങ്ങി എന്ന് മാത്രമല്ല സ്ഥിരതാമസം ആക്കി . ചില ഗോൾ അടി വീരന്മാർ അത് നോട്ട് ചെയ്തു "എന്താ ഭായ് ഫുൾ ടൈം പോളിങ് ആണോ ?" എന്നുള്ള കമന്റ് പാസ് ആക്കി തുടങ്ങി . അതിൽ ഒന്നും തളരാതെ ഞാൻ എന്റെ കർമത്തിൽ മുഴുകി . ഞങ്ങൾക്ക് വേണ്ടി മരിച്ച ധീര വീര ശൂര കോഴികൾ ആണ് ഇവിടെ 65 ആയും ചെട്ടിനാടും ആയി കിടക്കുന്നതു , അവരേ കുറിച്ചു എങ്കിലും ഒരു ചിന്ത ജെറോം വേണ്ടേ ?? അങ്ങനെ ഞാൻ വെട്ടി വെട്ടി വിഴുങ്ങുമ്പോൾ ആണ് ശ്രദ്ദിച്ചത് . എല്ലാവരും സാമാന്യം നല്ല പോളിങ് ആണ് . ചിലരുടെ പ്ലാസ്റ്റിക് പ്ളേറ്റുകൾ ഭാരം താങ്ങാൻ അരുതാതെ "U" ആകൃതിയിൽ നിൽക്കുന്നു . മറ്റു ചിലർ വെജിറ്റേറിയൻ ഫുഡ് കാണുമ്പോൾ "U" ടേൺ അടിച്ചു വീണ്ടും നോൺവേജ് സെലക്ഷനിലേക്കു വെച്ച് പിടിക്കുന്നു .

ഈ കോലാഹലങ്ങൾക്കു ഇടയിൽ എൻ്റെ ശ്രദ്ധയിൽ പെട്ടത്  മൂന്നേ മൂന്നു പേർ മാത്രം ആഹാരം
കഴിക്കുന്നില്ല . ആദ്യത്തെ ആൾ സാക്ഷാൽ പരമശിവൻ സൃഷ്ടിയുടെയും സംഹാരത്തിന്റെയും മൂർത്തി  . പാർട്ടി പ്ലാൻ ചെയ്ത വ്യക്തി ഇതേ പാർട്ടി കെട്ടി പൂട്ടാൻ ഉള്ള വ്യക്തി , ഓൻ അങ്ങോട്ട് പറന്നു നടക്കുവാ . എല്ലാവരും കഴിച്ചുവോ കുടിച്ചുവോ എന്ന് അറിയാൻ ആയി ഓടി കിതക്കുന്നു .  ഇടക്കേ ഇടക്കേ പാർവതിക്ക് ഓരോ കമാൻഡ് വിടുന്നുണ്ട് . കറിക്കു ഉപ്പു ഉണ്ടോ മുതൽ ഐസ്‌ക്രീമിൽ ഐസ് ഉണ്ടോ എന്നുള്ള എല്ലാ വികടചോദ്യങ്ങൾക്കു പാവം പരമശിവൻ ഉത്തരം പറയേണ്ടി വരുന്ന സ്ഥിതി .


രണ്ടാമത്തേ ആൾ സാക്ഷാൽ മഹാവിഷ്ണു . ഭഗവാൻ വിഷ്ണുവിന് ഒരു സുദർശന ചക്രമേ ഉള്ളു , ഇദ്ദേഹത്തിന് രണ്ടു ചക്രങ്ങൾ ഉണ്ട് . ഒരു അടിച്ചു പൊളി പാട്ടു അങ്ങോട്ട് ഇട്ടിട്ടു ഈ ചക്രങ്ങൾ പിടിച്ചു തിരിയോട് തിരി . ഇടക്കെ ഓരോ മന്ത്രങ്ങൾ പോലെ ചിലതു വിളിച്ചു പറയുന്നത് കേൾക്കാം . ഒരു അശരീരി പോലെ അത് വീണ്ടും വീണ്ടും പറയും. ഫോർ എക്സാമ്പിൾ "put your hands together " "the next song is " അങ്ങനെ അങ്ങനെ . ഭഗവാൻ മഹാവിഷ്ണുവിന്റെ വലത്തേ കൈയ്യിൽ ശംഖു ആണെങ്കിൽ ഇദ്ദേഹം രണ്ടു ശംഖു ആകൃതിയിൽ ഉള്ള യന്ത്രം കഴുത്തിൽ തൂക്കിയാണ് തുള്ളുന്നത് .  നാട്ടിലേ അമ്പലങ്ങളിൽ ദൈവം നടയ്ക്കു അകത്തും വെളിച്ചപ്പാട് പുറത്തും ആണ് . എന്നാൽ ഇവിടേ ഭഗവാനും വെളിച്ചപാടും രണ്ടും ഒരേ ആൾ ആണ് . ഉറഞ്ഞു തുള്ളി , ചക്രങ്ങളിൽ തിരിച്ചു , എവെരിബഡി ഗെറ്റ് റെഡി എന്നോക്കെ വിളിച്ചു കൂവുമ്പോളും കക്ഷിക്ക്‌ ഒരു തുള്ളി വെള്ളം പോലും കിട്ടി കാണൂല്ല . അങ്ങനെ പരമശിവനും മഹാവിഷ്ണുവും കഴിഞ്ഞു ഇനിയുള്ളത് പാവം ബ്രഹ്‌മാവ്‌ ആണ് .

 ബ്രഹ്‌മാവിന് 3 തലയാണെങ്കിൽ ഈ ബ്രഹ്‌മാവിന് 3 ലെന്സ് ആണ് . ഓരോ ചലനവും തന്റെ ക്യാമെറയിൽ  പിടിക്കാൻ വിശപ്പും ദാഹവും മാറ്റി വെച്ചിട്ടു ഉള്ളൊരു പരവേശം കാണുമ്പോൾ നേരത്തേ പറഞ്ഞ ധീര ശൂര കോഴികൾ എണിറ്റു നിന്ന്  സൽയൂട്ട് അടിക്കും . എല്ലാം കഴിഞ്ഞു ഫോട്ടോ
പുറത്തിറങ്ങുമ്പോൾ ബ്രഹ്‌മാവിന്റെ മാത്രം ഒരു ഫോട്ടോ പോലും ഇല്ല താനും . ഐതീഹ്യങ്ങൾ പറയുന്നത്  ബ്രഹ്‌മാവിന് നമ്മൾ അമ്പലം പണിയാറില്ല എന്നാണു ,  ഇവിടേയും ഏകദേശം അത് തന്നേ കഥ . എല്ലാം കഴിഞ്ഞു പാർട്ടി ഫോട്ടോകൾ ഫേസ്‌ബുക്കിൽ ഇറങ്ങുമ്പോൾ പാവം ബ്രഹ്‌മാവ്‌ ശശി . ബ്രഹ്‌മാവിന്റെ പേര് ഫോട്ടോയുടെ താഴത്തേ വലത്തേ അറ്റത്തു കഷ്ട്ടപെട്ടു ഇടും എങ്കിലും എന്നേ പോലുള്ള ചില എമ്പോക്കികൾ അത് ക്രോപ് ചെയ്തു കളയും . ചുരുക്കി പറഞ്ഞാൽ ബ്രഹ്‌മാവ്‌ വീണ്ടും 'ശശി'.

ഇത്രേയും വായിച്ച നിങ്ങൾ വിചാരിച്ചു കാണും എന്റെ മനസ്സ് അലിഞ്ഞു ഞാൻ ഇവർക്കുള്ള ആഹാരം എടുത്തു മാറ്റി വെച്ച് കാണും എന്ന് . 'ത്രിമൂർത്തികളോട് കളിക്കാൻ നമ്മൾ ഇല്ലേ ' . എന്റെ പ്രിയപ്പെട്ട ഭഗവാൻ ഗണപതിയെ ഓർത്തു മോദകരൂപമുള്ള രണ്ടു ഗുലാബ് ജാമുൻ കൂടേ അകത്താക്കി ഞാൻ അങ്ങോട്ട്  സൈഡ് ആയി .

നോട്ട് ദി പോയിന്റ് : ഓരോ മനുഷ്യനിൽ ദൈവം ഉണ്ടെന്നു വിശ്വസിക്കുന്ന ആൾ ആണ് ഞാൻ . ഇതിനേ ആ രീതിയിൽ കാണും എന്ന് പ്രതീക്ഷിക്കുന്നു . 


Thursday, March 3, 2016

ടോണി ഗുരുക്കളും ആട്ടിൻ കുട്ടികളും

കുത്ത് , റൈറ്റ് വലി , ലെഫ്റ്റ് വലി , വിസിൽ , ഓട്ടം, പപ്പേട്ടൻ , ഫിഗർ , ചാട്ടം , തവള ചാട്ടം, ബാൻഡ് വലി , ചാട്ടവാർ . ഇത്രെയും വായിച്ചിട്ട് വല്ലതും പിടികിട്ടിയോ ?  ഇതാരുടെയും വിളിപ്പേരുകൾ അല്ല ഇത് ഞങ്ങടെ ഡാൻസിന്റെ സ്റെപ്സ്‌ ആണ് . ഡാൻസ് കളിക്കാൻ ഒട്ടും എളുപ്പം അല്ല എന്ന് നേരത്തെ അറിയാം ആയിരുന്നു എങ്കിലും അതിനു ഇറങ്ങി തിരിച്ചപ്പോ ആണ് സംഗതിയുടെ പെടാപ്പാടു മനസ്സിലായത്‌ . പൊണ്ടാട്ടിടെ ഡാൻസ് കണ്ടു കമന്റ്‌ അടിക്കാൻ എന്തൊരു എളുപ്പം ആയിരുന്നു , അവനവൻ കളിച്ചു തുടങ്ങിയതും അവളേ കമന്റ് അടി നിർത്തി എന്ന് തന്നേ പറയാം.

ബിജു ഭായി ആണ് ഞങ്ങടെ ഡാൻസ് ടീം തട്ടി കൂട്ടിയത് . കുമിഞ്ഞു നിന്നാൽ നടുവിന് ഉളുക്കുന്ന മൂത്താപ്പമാർ തൊട്ടു രണ്ടു മുട്ടിന്റെയും ലിഗമെന്റ് ഫിലമെന്റ് എന്നിവ അടിച്ചു പോയ കുറച്ചു പേരാണ് ഞങ്ങടെ ഡാൻസ് ടീമിലെ ഘടികൾ . പിന്നേ വലത്തേ കൈ പോക്കാൻ പറഞ്ഞാൽ ഇടത്തേ കാൽ ഔറ്റൊമാറ്റിക് ആയി പൊങ്ങുന്ന ചില വേന്തരന്മാർ വേറെയും .  ഇത്രേ ഒക്കേ ലിമിറ്റേഷൻ ഉണ്ടെങ്കിലും ഞങ്ങടെ എക്സ്പെക്റ്റെഷൻ ചില്ലറ ഒന്നുമല്ല . പ്രഭുദേവ , ഹൃതിക് , വിനീത് എന്നിവരുടെ സ്റെപ്സ്‌ ഒക്കെ ഞങ്ങൾ ആദ്യം കൻസിഡർ ചെയ്തുള്ളൂ .  ഞങ്ങളേ ഡാൻസ് പഠിപ്പിക്കാൻ ഏർപ്പാട് ആക്കിയത് ടോണി ഗുരുക്കളേ ആയിരുന്നു . ഭരതനാട്യം , ബ്രേക്ക്‌ ഡാൻസ് , ഡപ്പാൻ കുത്ത് ഇതെല്ലാം കലക്കി കുടിച്ച മഹാൻ . അങ്ങനെ ഗുരു റെഡി , ശിഷ്യഗണങ്ങൾ റെഡി , പാട്ടു റെഡി . കർത്താവേ ഇത് ഞങ്ങ തകർക്കും .

ആദ്യത്തെ പ്രാക്ട്ടീസിനു ശ്രീകുമാർ ഏട്ടന്റെ വീട്ടിലെ മുറുക്ക് , കായ വറത്തത് , ജിലേബി , ലഡ്ഡു , ബിസ്കറ്റ് ഒക്കേ തിന്നു തീർത്തു .  ഞങ്ങളേ തീറ്റി പോറ്റാൻ പുള്ളിക്കാരൻ പുതിയ ക്രെഡിറ്റ്‌ കാർഡിന് അപ്ലൈ ചെയ്തു എന്നാണു കേട്ടത് . ഈ പ്രാക്ടീസിൽ ടോണി ഭായി പറഞ്ഞ എല്ലാ സ്റെപ്സും ഞങ്ങൾ മുടന്തൻ ന്യായം പറഞ്ഞു ഒഴുവാക്കി . വയറു നിറഞ്ഞാൽ പ്രഭു ദേവ അല്ല ഭരത മുനിക്ക്‌ പോലും ഡാൻസ് പറ്റത്തില്ല പിന്നേ അല്ലേ ഞങ്ങൾ . അടുത്ത പ്രാക്ടീസ് കുറച്ചു സിംപിൾ സ്റെപ്സ്‌ ആയിട്ട് ആണ് ഗുരു വന്നത് . പക്ഷേ അത് ഞങ്ങൾ കളിച്ചതും സരിതയെ കണ്ട ഉമ്മച്ചനെ പോലെ ടോണി ഭായി ഭാ-ഭാ-ഭാ അടിച്ചു പോയി . അയൊഡെക്സ് , മൂവ് , മുട്ടികുളങ്ങര തൈലം , നീരെണ്ണ മുതലായവ ഉപയോഗിച്ചു കഷ്ടിച്ചും പാടുപെട്ടും ഞങ്ങൾ എങ്ങനെ ഒക്കെയോ സംഭവം തട്ടി കൂട്ടി . വീഡിയോ ലിങ്ക് ഇതാ താഴേ സമർപ്പിക്കുന്നു .


~~~ എല്ലാം ടോണി ഗുരുക്കളുടെ അനുഗ്രഹം . ശുഭം !!! ~~~ 
Wednesday, March 2, 2016

ചന്ദ്രൻസ് ജപ്പാൻ ദോശ

ഇന്നാൾ വൈകീട്ട് ഒരു ദിവസം ഓഫീസിൽ നിന്നും വന്നതും എൻറെ പുത്രൻ ഒരു ചെറിയ പാത്രത്തിൽ കുറേ പേപ്പർ കഷ്ണങ്ങൾ മുറിച്ചിട്ട് ഒരു സ്പൂൺ ഇട്ടു ശക്തിയായി ഇളക്കുന്നു .
"കുഞ്ചു , വാട്ട്‌ ആർ യു ഡുയിങ്ങ് കണ്ണാ ?"
"ഐയാം കുക്കിംഗ്‌ "
"ഓ ഐ സീ , വാട്ട്‌ ആർ യു കുക്കിംഗ്‌ ?"
ഒരു 30 സെക്കന്റ്‌ നീണ്ടു നിന്ന 'ഗിബ്ബരിഷിൽ' എനിക്ക് ആകേ കിട്ടിയത് 'ദേ ചേഫ് കുക്കിംഗ്‌', 'മിക്സിങ്ങ്' എന്ന് കുറച്ചു വാക്കുകൾ  ആണ് .
  'ദി ആപ്പിൾ ഹാസ്‌ ദെഫിനിറ്റിലി ഫാളെൻ ഫാർ ഫ്രം ദി ട്രീ!!!' എന്ന് ഞാൻ മനസ്സിൽ ഓർത്തു . എനിക്ക് പാചകത്തിൽ യാതോരു വിധം ഇന്റെരെസ്റ്റും ഇല്ല എന്ന് തന്നേ പറയാം . പക്ഷേ സർവയിവ് ചെയ്യാൻ ഉള്ള പൊടികൈകൾ അറിയാം എന്ന് മാത്രം . ഇവൻ ആകട്ടേ ഈ രണ്ടര വയസ്സിലേ ചെഫ്‌ കളി ആണ് . വളരേ നല്ലത് ! ഉപയോഗപ്രദം !!അപ്പോൾ പറഞ്ഞു വന്നത് 'ദേ ചേഫ്' അവൻറെ അമ്മ അതായത് എൻ മനൈവി സ്ഥിരം കാണുന്ന ഒരു പ്രോഗ്രാം ആണ് മഴവിൽ മനോരമ ചാനലിലെ  'ദേ ചേഫ് '.
ഈ പ്രോഗ്രാം കണ്ടിട്ട് ആണ് ഇവൾ എനിക്ക് ചായയിൽ തേങ്ങ പിരിയും , ഇഡലിയിൽ ചീസ് സ്റ്റഫിങ്ങ് ,ത്രിവർണ പതാക പോലുള്ള പാസ്റ്റ എന്ന ചില  ആഗോള ഗവേഷക ഭക്ഷണ പദാർഥങ്ങൾ ഉണ്ടാക്കി തരുന്നത് .  പണി പാളി എന്ന് ചിന്തിക്കാൻ വരട്ടേ . പണി പാലും വെള്ളത്തിൽ വരാൻ കിടക്കുന്നതെ ഉള്ളു . ഇതിലേ ഘടി ചെഫുകൾ ആയ ചില പുരുഷ ഗണങ്ങൾ (ജോഷി , ലിജോ , അസ്ഗർ , ഷമീം...ഇനിയും ഉണ്ട് കുറേ ) കുക്ക് ചെയ്യുന്നത് കാണുമ്പോൾ എൻ മനൈവി എന്നേ പുച്ഛത്തോടെ പാക്കും . ആ നോട്ടത്തിന്റെ അർഥം മനസ്സിലായാലും ഒന്നും അറിയാത്ത പോലെ ഞാൻ അവിടേ വളിച്ച ചിരിയോടെ ഇരിക്കും . എന്തു ചെയ്യാം പാചക കാര്യത്തിൽ ഞാൻ എന്റെ അച്ഛന്റെ മോൻ തന്നേ ആണ് .

എന്റെ അച്ഛന്റെ ഒരു കുക്കിംഗ്‌ കഥ ഇവിടേ ഓർക്കുന്നു .
ഒരിക്കൽ അമ്മ ഏതോ ഫങ്ക്ഷൻ അറ്റൻഡ് ചെയ്യാൻ  പോയ സമയത്ത് അച്ഛൻ അടുക്കള ഭരണം ഏറ്റെടുത്തു . രാവിലേ അമ്മ ഉണ്ടാക്കിയ ദോശ വിത്ത്‌ ഇടലി പൊടി ഞങ്ങൾക്ക് കൊടുക്കാൻ ആയിരുന്നു അമ്മ കൊടുത്ത ഇൻസ്ട്രക്ഷൻ . എന്നാൽ എനിക്കും അനിയത്തിക്കും ഓംലെറ്റ്‌ വേണം എന്ന് വാശിയായി . സ്നേഹനിധിയായ അച്ഛൻ ഓംലെറ്റ്‌ ഉണ്ടാക്കാൻ തുടങ്ങി . ദോശകല്ല്‌ ചൂട് കൂടിയത് കൊണ്ട് ഓംലെറ്റ്‌ സ്ക്രാംബിൾ ആവാൻ തുടങ്ങി . തോൽവി എന്തെന്ന് അറിയാത്ത മിലിട്ടറി മാൻ ഉടനേ ദോശ മുറിച്ചു ചെറു കഷ്ണങ്ങൾ ആകി അതിലോട്ടു ഇട്ടു കുറച്ചു നെയ്യും ഇഡ്ഡലി പൊടിയും ഇട്ടു ഇളക്കി അതിനേ അങ്ങോട്ട്‌ പൊരിച്ചെടുത്തു . എല്ലാം കൂടേ ഉരുട്ടി എടുത്ത് പ്ലേറ്റിൽ ആക്കി ഞങ്ങടെ മുന്നിലോട്ടു വെച്ചപ്പോൾ അച്ഛൻ അതിനു ഒരു പേരും ഇട്ടു 'ജപ്പാൻ ദോശ '. കൈപുണ്യം പ്ലസ്‌ വലിയപാടം സുബ്രഹ്മണ്യ സ്വാമിയുടെ കുറച്ചു ദൈവസഹായം പിന്നേ ഒരുപാട് നെയ്‌ ഉള്ളത് കൊണ്ട് സംഭവം ഒടുക്കത്തെ റ്റേസ്റ്റ് ആയിരുന്നു . ഞാനും അനിയത്തിയും ക്ലീൻ ബൌൾഡ് .അമ്മയുടെ ഒരു ആഴ്ചത്തെ നെയ്‌ ആണ് അച്ഛൻ ഒരു നേരം കൊണ്ട് കാലി ആക്കിയത്, അതിനു ശേഷം അമ്മ അച്ഛനെ അടുക്കളയിൽ അടുപ്പിച്ചിട്ടില്ല അച്ഛൻ നിർബന്ധിചിട്ടുമില്ല . ഇത്രേയും മഹത്തായ ഒരു പാചക പാരമ്പര്യം ഉള്ള ഞാൻ അടുക്കളയിൽ കേറാത്തത് എന്തു കൊണ്ടാണെന്ന് മനസിലായില്ലേ ?

നോട്ട് ദി പോയിന്റ്‌ : 'ചന്ദ്രൻസ് ജപ്പാൻ ദോശ' ഉണ്ടാക്കാൻ ഉള്ള വിധം കോപ്പിരയറ്റെഡ് ആണ് . ഇത് ഉപയോഗിക്കും മുൻപ് എന്റെ അച്ഛന്റെ അനുവാദം വാങ്ങേണ്ടതാണ് എന്ന് പ്രത്യേകം അറിയിക്കുന്നു . ജീവനിൽ കൊതി ഉള്ളവർ അത് ചെയ്യുമാറാകട്ടെ !