Pages

Friday, January 20, 2017

ഒളിച്ചോട്ടം

ചുവന്ന സാരി വലിച്ചു കേറ്റി ബസ് സ്റ്റോപ്പിന് അരികിൽ ആകാംഷയോടെ ഉഷ നിൽക്കുകയാണ് . തോളിലെ സഞ്ചിയിൽ കുറച്ചു വസ്ത്രങ്ങളും മനസ്സിലെ സഞ്ചിയിൽ ഒരായിരം സ്വപ്നങ്ങളും. രാഘവൻ പറഞ്ഞ സമയം ഏകദേശം കഴിഞ്ഞിരിക്കുന്നു , ചെറിയൊരു പരിഭ്രാന്തി ഉണ്ടെങ്കിലും അതൊന്നും മുഖത്ത് കാണിക്കാതെ തന്റേടത്തോടെ ഉഷ അവിടെ കടിച്ചു പിടിച്ചു നിന്നു. വരുന്നവരും പോകുന്നവരും തുറിച്ചു നോക്കുന്നവരും കണ്ടു കണ്ടു കാണാതെ പോകുന്നവരെയും ഒന്നും അവൾ വക വയ്ക്കുന്നില്ല. വഴി അവസാനിക്കുന്ന വളവിലെ ലാംപ് പോസ്റ്റിൽ ലൈറ്റ് മിന്നി മിന്നി പ്രകാശിച്ചു . കുറച്ചകലെ നിന്നും ഒരാൾ രൂപം പ്രത്യക്ഷപെട്ടു . ആ രൂപം തെല്ലു വേഗത്തിൽ തന്റെ നേർക്ക് വരുന്നത് കണ്ടു അവൾ പരിഭ്രമിച്ചു . എന്തായാലും രാഘവൻ ചേട്ടന് ഇത്രേയും പൊക്കം ഇല്ല . ആരായാലും അത് തന്റെ നേർക്കാണ് എന്ന് അവളുടേ മനസ്സ് പറഞ്ഞു . ഇനി രാഘവൻ ചേട്ടന് എന്തെങ്കിലും സംഭവിച്ചു കാണുമോ ? മനസ്സിലെ ആഴക്കടലിൽ ഒളിച്ചിരുന്ന പേടിസ്വപ്നങ്ങൾ ഒന്നൊന്നായി മുഖം കാണിക്കുന്നതായി അവൾക്കു തോന്നി . പേടി കൊണ്ടാണോ അതോ എന്തെങ്കിലും മറന്നിട്ടാണോ എന്ന് നിശ്ചയം ഇല്ലാതെ അവൾ തോളിലെ സഞ്ചിയിൽ എന്തോ പരതുന്നതായി അഭിനയിച്ചു . ആൾരൂപത്തിന്റെ കാലൊച്ച അടുക്കും തോറും അവളുടെ പരതലിന്റെ വേഗത കൂടി കൂടി വന്നു .

"പൊന്നി ഇത് എന്ത് ഭാവിച്ചാ ?"
ഒരു ഉശിരൻ ശബ്ദത്തിൽ അവൾ നടുങ്ങി വിറച്ചു പോയി എങ്കിലും നല്ല പരിചയം ഉള്ള ശബ്ദം ആണെന്ന് അവൾക്കു തോന്നി . ഒരല്പം ഭയവും പ്രതീക്ഷയും ഇടകലർത്തി അവൾ തിരിഞ്ഞു നോക്കി . വിയർത്തു കുളിച്ചു നിൽക്കുന്ന പപ്പുമാമയെ ആണ് അവൾ കണ്ടത് . കാലിൽ ചെരുപ്പ് ഇടാൻ പോലും കൂട്ടാക്കാതെ ഓടി കിതച്ചു എത്തിയതാണ് പാവം .
"മാമേ !! ഞാൻ തീരുമാനിച്ചു കഴിഞ്ഞു. എനിക്ക് രാഘവൻ ചേട്ടൻ ഇല്ലാതെ പറ്റില്ല. ഞങ്ങൾ മദിരാശിയിലേക്കു പോകുവാ . അവിടേ രാഘവൻ ചേട്ടന് ഒരു ജോലി തയ്യാറിയിട്ടുണ്ട് . മാമ അനുഗ്രഹിക്കണം. "
"ഓപ്പോൾ അവിടെ തല തല്ലി കരയുകയാണ് , നമുക്ക് എല്ലാം ശരി ആക്കാം. മാമ അല്ലേ പറയണത് ? പൊന്നി മോൾ ഇപ്പോൾ മാമയുടെ കൂടേ വാ . രാഘവനോട് ഞാൻ സംസാരിക്കാം."
"ഇല്ല മാമേ , നിക്കു പോണം . നിങ്ങളോടൊന്നും സ്നേഹം ഇല്ലാഞ്ഞിട്ടല്ല . അങ്ങനെ കരുതുകയും വേണ്ടാ . രാഘവൻ ചേട്ടന് ഞാൻ എന്ന് വെച്ചാ ജീവനാ"
പപ്പു മാമ ഒന്നും മിണ്ടിയില്ല , റോഡിൽ നിന്ന് ഇറങ്ങി ബസ് സ്റ്റോപ്പിലെ തൂണിൽ ചാരി നിന്നു.
"ആ കൊശവൻ എപ്പോൾ വരാം എന്നാണ് പറഞ്ഞത് ?"
ചിരി അടക്കി കൊണ്ട് ഉഷ പറഞ്ഞു "5  മണിക്ക് എത്താമെന്നാണ് പറഞ്ഞത്. ഇപ്പോൾ സമയം എത്രയായി കാണും മാമേ ?"
ആകാശത്തേക്ക് നോക്കി കൊണ്ട് പപ്പുമാമ പറഞ്ഞു "ഇപ്പോൾ ഏകദേശം ആറരയായിക്കാണും"
അത് കേട്ടതും അവളുടെ കാലിനു അടിയിലെ ഭൂമി വഴുതി പോകുന്നത് പോലെ അവൾക്കു തോന്നി. കണ്ണുകൾ നിറഞ്ഞു കൊണ്ട് അവൾ പറഞ്ഞു "മാമേ ! എനിക്ക് പേടി ആവുന്നു"
"ഛെ !! മാമടെ പൊന്നിയാര്ച്ച എന്തിനാ പേടിക്കണേ ? പപ്പുമാമയില്ലേ ഇവിടേ . അവിടെ വീട്ടിൽ ഓപ്പോളും , ഓപ്പയും , കണ്ണനും , അപ്പുവും ,  അമ്മുവും എല്ലാവരും പൊന്നുകുട്ടിയുടെ കൂടെ ഇല്ലേ ? "
ഇതും പറഞ്ഞു പപ്പുമാമ റോഡിൽ ഇറങ്ങി ഇടവും വലവും നോക്കി അങ്ങോട്ടും ഇങ്ങോട്ടും നടന്നു .
"പൊന്നി കുട്ടി നമുക്ക് ഇപ്പോൾ വീട്ടിലേക്കു പോകാം . ആ കൊശവനെ ഞാൻ പോയി അന്വേഷിക്കാം . അല്ലാതേ ഇവിടേ അന്തിയോളം നിൽക്കുന്നതിൽ അർഥം ഇല്ലല്ലോ ."
പപ്പുമാമ പറയുന്നത് ശരി ആണെന്ന് അവൾക്കും തോന്നി . പക്ഷേ ഇനി ഇപ്പോൾ വീട്ടിലോട്ടു എങ്ങനെയാ എന്ന് വെച്ചാ ?
ഇങ്ങനെ ഓരോ ചിന്തകൾ മനസ്സിൽ ഓടി തുടങ്ങിയതും പപ്പുമാമ പറഞ്ഞു "വീട്ടിൽ ആരെങ്കിലും എന്തെങ്കിലും പറയും എന്ന് നിരീച്ചിട്ടാണെങ്കിൽ ആ പേടി വേണ്ട . ആരും ഒരക്ഷരം മിണ്ടൂല്ല ഞാൻ പറഞ്ഞോളാം ."
ഒരു ദീർഘ നിശ്വാസത്തിനു ഒടുവിൽ അവൾ തല കുലുക്കി സമ്മതിച്ചു .

പപ്പുമാമയുടെ പുറകേ ഒരു പൂച്ചകുട്ടിയെ പോലെ അവൾ പിന്തുടർന്നു . പടിപ്പുര വാതിൽ തുറന്നപ്പോൾ ഉമ്മറ കോലായിൽ എല്ലാ കഥാപാത്രങ്ങളും ഉണ്ടായിരുന്നു . അവരിൽ നിന്നും മറയാൻ അവൾ പപ്പുമാമയുടെ പിറകേ ഒളിച്ചു .
കോലായിപ്പടി കേറി തുടങ്ങിയതും പപ്പു മാമ എല്ലാവരോടുമായി ഉത്തരവിട്ടു  "ആരും ഒന്നും ചോദിക്കേണ്ട . പൊന്നി അകത്തേക്ക് പോ . എന്താണെങ്കിലും നമുക്ക് നാളേ സംസാരിക്കാം. "
കണ്ണുനീർ ഒപ്പിക്കൊണ്ട് അമ്മ പറഞ്ഞു "പൊന്നി, നീ അകത്തു പോയി ഒന്ന് കുളിക്കു. ആ ക്ഷീണം ഒക്കെ മാറട്ടെ . അമ്മ കഞ്ഞി എടുത്തു വെയ്ക്കാം"
തല കുനിച്ചു ഉഷ വേഗത്തിൽ വീടിനു അകത്തേക്കു പോയി.
ഉഷ അകത്തേക്ക് പോയി എന്ന് ഉറപ്പു വരുത്തി കോച്ചുമാമ ഗോവിന്ദൻ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു "കാര്യങ്ങൾ കൈ വിട്ടു പോയി ഓപ്പോളേ, തറവാട്ടിൽ വേറെയും പെൺകുട്ടികൾ ഉള്ള കാര്യം ഓപ്പോളും ഓപ്പയും മറക്കണ്ട. കുതിരവട്ടമോ ഊളംപാറയോ എവിടെയാ എന്ന് വെച്ചാൽ അവിടേ. പൊന്നിയെ ഞാൻ കൊണ്ടു പോകാം . ഇതിപ്പോൾ ഈ ആഴ്ചയിൽ മൂന്നാമത്തെ തവണയാണ് ഇങ്ങനേ. നാട്ടുകാർ ഓരോന്ന് ചോദിച്ചും പറഞ്ഞു തുടങ്ങും മുൻപേ എന്തെങ്കിലും ചെയ്യണം"
സാരീ തുമ്പിൽ കണ്ണീർ ഒപ്പി കൊണ്ട് ഓപ്പോൾ പറഞ്ഞു
"പപ്പാ, നീയും ഗോവിന്ദനും എന്താന്നു വെച്ചാൽ ആയിക്കൊള്ളൂ . എന്റെ കുട്ടിയെ ഇങ്ങനെ കാണാൻ എനിക്ക് വയ്യ ."
നാളെ ഒരു തീരുമാനം എടുക്കാം എന്നുറപ്പിച്ചു അവർ പിരിഞ്ഞു , ഇതൊന്നുമറിയാതെ ഉഷയാവട്ടെ മുടി ഇഴകളിൽ വിരൽ ഓടിച്ചു കൊണ്ട് തന്നെ താൻ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് സ്വന്തം സ്വപ്നലോകത്തേക്കു മറഞ്ഞിരുന്നു .

~ശുഭം~

No comments:

Love to hear what you think!
[Facebook Comment For Blogger]