Pages

Saturday, April 29, 2017

ഫാമിലി ഗ്രീൻ കാർഡ്

ചാച്ചൻ ഒരുപാട് നേരം ഫോണിൽ സംസാരിക്കുന്നത് കണ്ടു. ഒരുപാട് നേരം എന്ന് വെച്ചാൽ ഏകദേശം ഒരു ഒന്നര മണിക്കൂർ ആയി കാണും. 2 മിനിറ്റിൽ കൂടുതൽ ഫോണിൽ കടിച്ചു തൂങ്ങാത്ത ഒരു മനുഷ്യൻ ഇത്രേയേറെ ലാത്തി അടിക്കുന്നത് കണ്ടപ്പോൾ ഞാനും കുഞ്ഞുമോളും പരസ്പരം നോക്കി ചിരിച്ചു . പ്രായത്തിൽ ചെറുതാണെങ്കിലും വിളവു ഇച്ചിരി കൂടുതൽ ആണേ കുഞ്ഞുമോൾക്ക് . "ചാച്ചന്റെ പഴയ ഗേൾ ഫ്രണ്ട് ആയിരിക്കും' എന്ന് പറഞ്ഞു അവൾ അമ്മച്ചിയുടെ അടുത്തേക്ക് ഓടി . ഫോൺ സംഭാഷണം കഴിഞ്ഞു അമ്മച്ചിയോട്‌ ചാച്ചൻ ഒരുപാട് നേരം കുശുകുശുക്കുന്നത്‌ കണ്ടു . അമ്മച്ചി കരയുന്നുണ്ടായിരുന്നു, ഒരുതരം സന്തോഷാശ്രു എന്ന് വേണേൽ പറയാം . "ഗ്രിഗറിയോടു നിങ്ങൾ ഒന്ന് സംസാരിക്കു" എന്ന് അവസാനം പറയുന്നത് കേട്ടു. ചാച്ചൻ ഇങ്ങോട്ടേക്കു ആണെന്ന് അറിഞ്ഞതും ഞാൻ ഒന്നും അറിയാത്തത് പോലെ ടേബിൾ ലാമ്പിന്റെ താഴേ ഉള്ള ടെക്സ്റ്റ്‌ബുക്കിലേക്ക് ഗഹനമായി ശ്രദ്ധ തിരിച്ചു. ചാച്ചന്റെ കാൽ പെരുമാറ്റം എന്നിലേക്ക്‌ അടുത്ത് അടുത്ത് വരുന്നത് എന്നിൽ എപ്പോഴത്തെയും പോലെ ഒരു അനാവശ്യ ഭീതി ഉണർത്തി . 'എടാ മോനേ' എന്ന് കേട്ട പാതി കേൾകാത്ത പാതി ഞാൻ ഭയ ഭക്തിയോടെ എണിറ്റു നിന്നു . ചാച്ചന്റെ കൂടേ കുഞ്ഞുമോളും ഉണ്ട് . അമ്മച്ചി കർട്ടന്റെ പിറകേ നിന്ന് ഞങ്ങൾ മൂന്നു പേരേയും വീക്ഷിക്കുന്നുണ്ട് . ഇടയ്കെ ഇടയ്ക്കെ സാരി തുമ്പ് കൊണ്ട് കണ്ണീർ ഒപ്പുന്നും ഉണ്ട് . 'എന്താ ചാച്ച , എന്നാ പറ്റി ? അമ്മച്ചി എന്നാത്തിനാ കരയുന്നേ ?'. അമ്മച്ചിയെ തിരിഞ്ഞു നോക്കി ചാച്ചൻ പരിഹസിച്ചു 'നിന്റെ അമ്മച്ചിക്ക് എപ്പോൾ വേണമെങ്കിലും കരയാൻ ഉള്ള കഴിവ് കർത്താവ്‌ കൊടുത്തിട്ടുണ്ട്‌ '. ചാച്ചൻ തുടര്ന്നു 'എടാ മോനെ , നിന്റെ പഠിപ്പ് എങ്ങനെ പോകുന്നു?'. 'അതോക്കെ നന്നായി പോകുന്നു ചാച്ച, ഫൈനൽ ഇയർ ആയതു കൊണ്ട് ക്യാമ്പസ് പ്ളേസ്മെന്റിനു പ്രിപ്പേർ ചെയ്യണം . അതിന്റെ ഒക്കെ തിരക്കിൽ അങ്ങനെ പോകുന്നു. 'ഉം.. ഇനി അതിന്റെ ആവശ്യം ഇല്ലടാ മോനെ'. നമുക്ക് ടോണി അങ്കിളിന്റെ വകയിൽ അമേരിക്കയിൽ ഗ്രീൻ കാർഡ് ഒത്തു വന്നിട്ടുണ്ട്. നിന്റെ പരീക്ഷ കഴിയുമ്പോളേക്കും അതിന്റെ ഫോര്മാലിറ്റിസ് തീരും. നമ്മൾ കുടുംബസമേതം അങ്ങോട്ട് മൈഗ്രേറ്റ് ചെയ്യാൻ പോകുവാ .' ഒറ്റ ശ്വാസത്തിൽ ഇതെല്ലാം പറഞ്ഞു കൊണ്ട് ചാച്ചൻ എന്റെ പുറകിൽ രണ്ടു തട്ടു തട്ടി വാതിലിനു അപ്പുറത്തേക്ക് പോയി . കോളേജിൽ നിന്നും ട്രിപ്പ് പോയപ്പോൾ കൊച്ചിയിലേക്കു പോയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ യാത്ര. ഇതിപ്പോ അമേരിക്ക എന്നോക്കെ പറഞ്ഞാൽ , നമ്മുടെ വീടും , പള്ളിയും ഒക്കെ വിട്ടു എങ്ങനാ എന്ന് എനിക്ക് അറിയാൻ മേലാ .

അന്ന് രാത്രി ഉറക്കം വന്നതേ ഇല്ല , അമേരിക്ക പോകുന്നത് ഒന്ന് ഓർത്തു നോക്കിയാൽ നല്ലതു ആണ് . എത്ര കാലം എന്ന് വെച്ചാ ഞങ്ങടെ കുടുംബം അമ്മയുടെ ആങ്ങളമാരുടെ ആട്ടും തുപ്പും സഹിച്ചു കൊണ്ടു ഇവിടേ ജീവിക്കുന്നത് . പോരാത്തതിന് ടോണി അങ്കിളിനു പപ്പാ എന്ന് വെച്ചാൽ ജീവനാ. ഞങ്ങടെ വീടിനു വേണ്ടി എടുത്ത കടം അടയ്ക്കാൻ ചാച്ചനെ സഹായിച്ചത് ഒന്നും മരിച്ചാലും മറക്കാൻ ഒക്കത്തില്ല . അങ്കിളിനു ഫിലാഡൽഫിയയിൽ സ്വന്തമായി ചെറിയ ബിസിനസ് ഒക്കെ ഉണ്ടെന്നാണ് മമ്മി പറഞ്ഞു അറിഞ്ഞത് . കൂട്ടുകാരേയും നാട്ടുകാരെയും മിസ് ചെയ്യും എന്നുറപ്പാ , പക്ഷേ ഇന്നല്ലെങ്കിൽ നാളേ ഒരു ജോലിക്കു വേണ്ടി എങ്കിലും എല്ലാവരെയും പിരിയേണ്ടി വരും . അത് ഇച്ചിരി നേരത്തെ ആയി എന്ന് ആശ്വസിക്കാൻ ഞാൻ പഠിക്കണം . ചാച്ചനും കുഞ്ഞുമോളും അമ്മയും ഹാപ്പി ആണെങ്കിൽ പിന്നേ എനിക്ക് എന്താ പ്രശ്നം ? എല്ലാം കർത്താവ് കാത്തു കൊള്ളും . കുരിശും വരച്ചു ഗ്രിഗറി അന്ന് ബുദ്ധിമുട്ടി കിടന്നു ഉറങ്ങി മനസ്സിൽ പൊട്ടിമുളച്ച അമേരിക്കൻ സ്വപ്നം കണ്ടുകൊണ്ടു.