Pages

Monday, September 18, 2017

ഡെൽമ ഓണം 2017 റിപ്പോർട്ട് (സ്വലേ)


യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ


മനുസ്മ്രിതിയിലെ ഈ വാക്കുകൾ പറയുന്നത് ,എവിടെയാണോ സ്ത്രീകളെ പൂജിക്കുന്നത് , അവിടെ  എല്ലായ്പ്പോഴും ഐശ്വര്യം അല്ലെങ്കിൽ ദൈവാനുഗ്രഹം ഉണ്ടാവും എന്നാണു. ഇത് പ്രതിഫലിപ്പിക്കുന്നത് ആയിരുന്നു ഈ വര്ഷത്തെ ഡെൽമ (ഡെലാവെർ മലയാളീ അസോസിയേഷൻ)
ഓണം. സ്ത്രീകൾ മാത്രം അടങ്ങുന്ന ഒരു ഡെൽമ എക്സിക്യൂട്ടീവ് കമ്മിറ്റി ,  ഫോമാ വിമൻസ് ഫോറം സെക്രട്ടറി രേഖാ നായർ മുഖ്യ അതിഥി ആയ  ഓണപരിപാടി , ഡെലാവെറിനു ചുറ്റും ഉള്ള ഒട്ടുമിക്ക എല്ലാ മലയാളി സംഘടനകളിൽ നിന്നും ഉള്ള അംഗങ്ങളുടെ സാന്നിദ്ധ്യം,  ആദ്യമായി  ഡെലാവെർ  സെനറ്റർ ടോം കാർപെർ ഡെൽമയുടെ  ചടങ്ങിന് പങ്കെടുക്കുന്നതും എല്ലാം ശുഭസൂചനകൾ തന്നെ .
സെനറ്റർ വരുന്നെന്നു അറിഞ്ഞത് മുതൽ കമ്മിറ്റി മെംബേർസ് , ഡെലാവെർ മലയാളികൾ  എല്ലാവരും അത്യന്തം സന്തോഷത്തിൽ ആയിരുന്നു. സെനറ്റർ എന്നത് നമ്മുടേ നാട്ടിലെ  എം.പി.ക്കു തുല്യൻ ആണ്. ഇദ്ദേഹം അകമ്പടികളോടെ വരുമ്പോൾ സ്വീകരിക്കാൻ എല്ലാവരും കാത്തിരിക്കുകയായിരുന്നു. പക്ഷേ പുള്ളിക്കാരൻ വന്നത് ഒറ്റയ്ക്ക് അതും  തനിയെ കാർ ഓടിച്ചു. ഇപ്പോളത്തെ അമേരിക്കൻ പൊളിറ്റിക്കൽ ക്ലൈമറ്റിൽ നമ്മളെ  പോലെ ഇമ്മിഗ്രന്റ്സിനെ സപ്പോർട്ട് ചെയ്താണ് അദ്ദേഹം സംസാരിച്ചത്. അതിനായി ബൈബിളിലെ ചില വാക്കുകൾ ഉപയോഗിക്കാനും അദ്ദേഹം മറന്നില്ല. ന്യൂ റ്റെസ്റ്മെന്റിൽ  മത്തായിയുടെ തിരുവചനങ്ങൾ ആവർത്തിച്ചു ആണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്  


 For I was hungry and you gave me something to eat,
I was thirsty and you gave me something to drink,
I was a stranger and you invited me in 


ലോകത്തു എവിടെ ആയാലും മലയാളികൾ പത്തു പേരുണ്ടെങ്കിൽ പതിനഞ്ചു സംഘടനകൾ ഉണ്ടാവും. ഇതിൽ സർക്കാസം ഉണ്ടെങ്കിലും നമ്മൾ എല്ലാം ഒറ്റകെട്ടായി സമൂഹ പ്രതിബദ്ധതയോടെ മുന്നേറാൻ ആഗ്രഹിക്കുന്നവർ ആണെന്ന് ഉള്ള ഒരു ചെറിയ സൂചന കൂടി ഇതിൽ ഉണ്ട്. ഫിലാഡൽഫിയയിൽ നിന്നും ന്യൂ ജേഴ്‌സിയിൽ നിന്നും മേരിലാൻഡിൽ നിന്നും ഡീസീയിൽ നിന്നും എല്ലാം മലയാളികൾ ഡെൽമ ഓണത്തിനായി വന്നിരുന്നു. 

ഈ ഓണത്തിന് സെനറ്റർ ഉണ്ടെങ്കിലും ചീഫ് ഗസ്റ്റ് രേഖാ നായർ തന്നെ  വേണം എന്നത് ഡെൽമ കമ്മിറ്റിയുടെ ഒരു ആഗ്രഹം ആയിരുന്നു. അവയവ ദാനം എന്നുള്ളത് നമ്മളിൽ പലർക്കും ചിന്തിക്കാൻ പോലും പറ്റാത്ത ഒരു പുണ്യപ്രവർത്തി ആണ്. ഇത്രെയും വലിയ മനസ്സിന് ഉടമയായ ഒരു വനിതയെ   വനിതകൾ നയിക്കുന്ന സംഘടന അത്യന്തം  ആഹ്‌ളാദത്തോടെയാണ് വരവേറ്റത്.

ഹൊക്കേസിന് ലക്സ്മി ടെമ്പിളിൽ പൂക്കളവും മാവേലിയും താലപ്പൊലിയും വർണകുടകളും ചെണ്ടമേളവും തിമിർത്തു കൊണ്ടാണ് ഓണാഘോഷം തുടങ്ങിയത് .മറുനാട്ടിൽ മലയാളികൾ ഓണം ആഘോഷിക്കുന്നത് സ്വന്തം നാടിന്റെ ഓർമ്മയ്ക്കായി മാത്രം അല്ല മറിച്ചു നമ്മുടെ സംസ്കാരവും കലാരൂപങ്ങളും അടുത്ത തലമുറയ്ക്ക് പകർന്നു കൊടുക്കാൻ കൂടെ  ആണ്. അതിരാവിലേ തന്നേ  എല്ലാ കൊല്ലത്തെയും പോലെ കുട്ടികളും മുതിർന്നവരും മത്സരിച്ചു കലാപരിപാടികൾ അവതരിപ്പിച്ചു. ഭരതനാട്യവും , മോഹിനിയാട്ടവും , കുച്ചിപ്പുടിയും ,  ഗാനമേളയും , ഓണപ്പാട്ടും , കൈകൊട്ടിക്കളിയും, സിനിമാറ്റിക് ഡാൻസും സ്കിറ്റും എല്ലാം ഒന്നിനൊന്നു കസറി.

ഇതിനിടയിൽ ഇരുപത്തിയൊന്നു വിഭവങ്ങൾ അടങ്ങുന്ന സദ്യ ഉണ്ണാനും മറന്നില്ല. എല്ലാ വർഷത്തെയും പോലെ ഈ വർഷവും ഓണസദ്യക്കുള്ള വിഭവങ്ങൾ പല വീടുകളിൽ നിന്നും പോട്ട്ലക് വഴി ആണ് സമാഹരിച്ചത്. ഏകദേശം 450 പേർക്കുള്ള സദ്യയാണ് ഡെൽമ സ്നേഹത്തോടെ വീട്ടമ്മമാർ പാകം ചെയ്തു വിളമ്പിയത്. നാട്ടിൽ സദ്യകൾ കോൺട്രാക്ട് കൊടുക്കുന്നവർക്ക് ഇത് ചിലപ്പോൾ ഒരു മഹാത്ഭുതം ആയി തോന്നിയേക്കാം. പക്ഷേ ഡെൽമ കുടുംബങ്ങളുടെ ഒരു സ്വകാര്യ അഹങ്കാരം കൂടി ആണ് ഈ ഓണവിരുന്നു.



മേലെ പറഞ്ഞിട്ടുള്ള ഒട്ടനവധി നേട്ടങ്ങൾക്കും പിറകിൽ ദിനരാത്രം പ്രയത്നിച്ച ഒരുപാട് പേർ ഉണ്ട്. പല പല സബ് കമ്മിറ്റികളിൽ  ആയി അവർ ഈ 15 വനിതകൾക്ക് പിറകിൽ ഉണ്ടെന്നു പ്രത്യേകം എടുത്തു പറയേണ്ടിരിക്കുന്നു.  വരും തലമുറയ്ക്ക് നമ്മുടേ സംസ്കാരവും സ്നേഹവും സാഹോദര്യവും  പങ്കിടാൻ ഉള്ള വേദി കൂടേ ആവട്ടേ ഇനിയുള്ള വരും ഓണം എന്ന് പ്രാർത്ഥിക്കുന്നു.