Pages

Monday, March 18, 2019

ഒളിച്ചോട്ടം രണ്ടാം അദ്ധ്യായം : ബനാറസി സിൽക്ക്

ആദ്യത്തേ അദ്ധ്യായം വായിക്കാത്തവർക്കു വേണ്ടി ഉള്ള ലിങ്ക് : ഒളിച്ചോട്ടം

ദേവയാനി കോളേജിലേക്ക് നടന്നാണ് പോകാറുള്ളത്, തിരികേ വീട്ടിലേക്കു നടക്കുമ്പോൾ ആകട്ടേ ഒരു ചെറിയ വനിത ജാഥയ്ക്ക് ഉള്ള കൂട്ടുകാരികൾ കൂടേ കാണും . പകുതി വഴി വരേ സുമ കാണും കൽച്ചട്ടി തെരുവ് എത്തുമ്പോ ഗായുവും പിരിയും. അങ്ങനെ ഓരോ കവലയും ചുരുക്കും കഴിഞ്ഞു അവസാനത്തേ ഒരു മൈൽ ദൂരം ഒറ്റയ്ക്ക് അതാണ് പതിവ്. പിന്നേ അത് വരെ സംസാരിച്ചത് മൊത്തം ആലോചിച്ചു വീട് എത്തുമ്പോഴേക്കും അഞ്ചു മണി ആവും. ഇന്ന് സംസാരിച്ചത് മുഴുവൻ അടുത്ത ആഴ്ചത്തെ കോളേജ് ഡേ കുറിച്ചായിരുന്നു. മുൻപ് കോളേജ് ഡേയ്ക്ക് അടിപിടി നടന്നതും കൂവിയതും കളിയാക്കിയതും ഉൾപ്പെടെ പ്രിയക്ക് പറയാൻ ഒരുപാടുണ്ടായിരുന്നു . ഇത് വരേ ഒരു പരിപാടി പോലും കാണാത്ത ദേവയാനിക്ക് അത് ഒരു കാണാക്കനി പോലേ ആയിരുന്നു . വീട് എത്താറായതും അടുത്ത വീട്ടിൽ ഉഷ ചേച്ചിയെ ഷോക്ക് ട്രീറ്റമിന്റിനു ശേഷം കൊണ്ട് വരുന്നത് കണ്ടു. ഇനി 2-3 ദിവസം അവർ ക്ഷീണിച്ചു കിടപ്പായിരിക്കും പാവം. അല്ലെങ്കിൽ ഈ സമയത്തു ഉമ്മറ കോലായയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടാവും എന്നോട് സ്ഥിരം ആയി
'എന്താ ദേവു വൈകീയിത്' എന്ന് ആരായും.  ഇവരുടെ അസുഖം മാറാൻ ഇന്ന് സന്ധ്യക്ക്‌ വിളക്ക് കത്തിക്കുമ്പോൾ പ്രാർത്ഥിക്കാൻ ഓർക്കണം എന്ന് ദേവു തീരുമാനിച്ചു .

വീട്ടുമുറ്റത്തു കാർ കിടപ്പുണ്ട് ചേച്ചിയും ഭർത്താവ് സുകുവേട്ടനും വിരുന്നു കൂടലും ഹണിമൂണും കഴിഞ്ഞു എത്തി കാണും. ചേച്ചിടെ കൈയ്യിൽ കോളേജ് ഡേയ്ക്ക് ഇടാൻ പറ്റിയ വല്ല സാരിയുണ്ടേൽ ചൂണ്ടണം. മനസ്സിലേ കള്ളച്ചിരി ഒളിപ്പിച്ചു കൊണ്ട് പൈപ്പിൽ കാലു കഴുകി വീടിനു അകത്തേക്ക് കേറി. പുതുപെണ്ണ് ആയതു കൊണ്ട് ചേച്ചി ഇപ്പൊ തെങ്ങു നനയ്ക്കാനോ പാത്രം കഴുകാനോ വരാറില്ല അപ്പോൾ അടുക്കള പണിക്കു പുറമേ ഈ പണി കൂടുതൽ ആയതു മിച്ചം. അപ്പുവേട്ടൻ ആണേൽ യൂത്ത് കോൺഗ്രസിൽ ചേർന്നതിൽ  പിന്നെ വൈകീട്ട് എപ്പോഴും തിരക്ക് ആണ് . ഓഫീസിൽ നിന്ന് വന്നയുടനെ എന്തെങ്കിലും കഴിച്ചു നേരെ പാർട്ടി ഓഫീസിൽ പോകും . ഇപ്പോൾ ഓഫീസ് ഡ്രെസ്സും ഖദറും മുണ്ടും ഒക്കെ തേയ്പ്പുകാരി ജാനുവിന് അച്ഛൻ അറിയാതെ കൊടുക്കുന്നത് കാണാം . എല്ലാ ആഴ്ചയും ഇസ്തിരി ഇടാൻ മാത്രം കാലണ ചിലവാക്കുന്നത് അച്ഛൻ അറിഞ്ഞാൽ അപ്പുവേട്ടനേ അമ്മിക്കല്ലിൽ ഇട്ടു ആട്ടും. 

ഉടുപ്പ് മാറി അടുക്കളയിൽ കേറി അമ്മയേ പഴംപൊരി ഉണ്ടാക്കാൻ സഹായിച്ചു കൊണ്ടിരിക്കെ കോളേജ് ഡേയുടെ കാര്യം അവതരിപ്പിച്ചു . വൈകീട്ട് 7 മണി വരേ ഉണ്ട് പരിപാടി . സുമയുടെ അച്ഛൻ ജീപ്പിൽ കൊണ്ട് വന്നാക്കും ഒരു കുഴപ്പമാവുണ്ടാവില്ല എന്ന് ഉറപ്പും കൊടുത്തു . അമ്മ പറഞ്ഞാൽ അച്ഛൻ സമ്മതിക്കും , മുഴുവൻ കോളേജിന്റെ മുന്നിൽ താൻ  എഴുതിയ പദ്യം ചൊല്ലാൻ അവസരം കിട്ടുക എന്ന് പറഞ്ഞാൽ ചില്ലറ കാര്യം വല്ലതുമാണോ ? അമ്മ ഒന്നു മൂളി , ശ്രമിക്കാം എന്ന് വാക്കും തന്നു .
'ആട്ടേ ദേവു നിന്റെ കവിത നന്നോ എന്ന് നോക്കട്ടെ ' എന്നായി അച്ഛൻ . 
പഴം പൊരിയും ചായയും കുടിക്കുന്ന ആസ്വാദന വേളയിൽ  ആ കവിത ഒന്ന് കേൾപ്പിച്ചു . നെറ്റി ചുളിച്ചു കൊണ്ട് ഒന്നും മനസിലായില്ല എന്ന് പറഞ്ഞതും സഭ മൊത്തം പൊട്ടി ചിരിച്ചു. വിഷമം സഹിക്കാതെ വന്നപ്പോൾ ദേവു കരഞ്ഞു . കണ്ണ് നിറഞ്ഞു ഒഴുകവേ അപ്പുവേട്ടൻ പറഞ്ഞു
'നീ ജീപ്പിൽ ഒന്നും വരേണ്ടാ ഞാൻ ഓഫീസിൽ നിന്നും വരുന്ന വഴി കൊണ്ടു വരാം'.
 അച്ഛന് എതിർക്കാതിരിക്കാൻ അപ്പുവേട്ടൻ മുൻപേ കേറി കുതിരയേ ഇറക്കി പറഞ്ഞു 'ചെക്ക്'. ഗത്യന്തരമില്ലാതെ അച്ഛൻ പാറു ചേച്ചിയെ നോക്കി. അച്ഛന്റെ മനസ്സറിയുന്ന ചേച്ചി പറഞ്ഞു
'അടുത്ത ബുധനാഴ്ച സുകുവേട്ടന്റെ വീട്ടുകാർ ഇവിടേ ചിലപ്പോൾ വരും , അപ്പോൾ ഇവിടെ  നീ വേണ്ടേ എന്നെ  സഹായിക്കാൻ ' . 
അപ്രതീക്ഷിതമായി ആനയെ ഇറക്കി ചേച്ചി അച്ഛനെ ചെക്കിൽ നിന്നും രക്ഷിച്ചു . ഉടനെ അമ്മ പറഞ്ഞു
അടുത്ത വെള്ളിയാഴ്ച എന്നല്ലെ  കുറച്ചു മുൻപ് പറഞ്ഞത് . '
സുകുമാരാ വെള്ളി ആണോ ബുധൻ ആണോ ?' .
ചതുരംഗത്തിൽ റാണി വിചാരിച്ചാൽ  ഏതു ആനയും കുതിരയും രാജാവും മന്ത്രിയും ഒക്കെ ഒതുങ്ങുന്നതു നേരിൽ കണ്ടു. 'ബുധനാഴ്ച്ചയാണ്  എന്ന്  തോന്നുന്നു , അല്ലെങ്കിലും അവർ ഒരു കല്യാണത്തിന് പാലക്കാട്ടേക്ക് വരുന്നു ആ കൂട്ടത്തിൽ ഇവിടെ ഒന്ന് കേറുന്നു . അത്രേ ഉള്ളു അതിനു പ്രത്യേക ഒരുക്കങ്ങൾ ഒന്നും വേണ്ടാ ' 
 'അപ്പോൾ ഞാൻ പൊയ്‌ക്കോട്ടെ അച്ഛാ ?' 
'ഉം പോയി വാ , സൂക്ഷിക്കണം തെണ്ടി പിള്ളേരോടൊന്നു സംസാരിക്കാൻ നിൽക്കരുത് . അപ്പു വന്ന ശേഷം പുറത്തു ഇറങ്ങിയാൽ മതി'
'ശെരി അച്ഛാ'

സന്തോഷത്തിൽ തുള്ളി ചാടി തെങ്ങു നനച്ചു , ഏട്ടന്റെ രാജദൂതിനും കുറച്ചു വെള്ളം ഒഴിച്ച് ഒരു കുളി കൊടുത്തു. ഇനി ആകെ വേണ്ടത് ഉടുക്കാൻ ഒരു പുടവ . സന്ധ്യ ദീപം കൊളുത്തുമ്പോൾ പപ്പുമാമ കേറി വന്നു .
'ഉഷ ചേച്ചിയ്ക്ക് ഏങ്ങനെ ഉണ്ട് മാമേ ?' .
'ഭേദം ഉണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. നീ ദീപം പറഞ്ഞേ , ഞാൻ ഒന്ന് പെട്ടെന്ന് പ്രാർത്ഥിച്ചു അച്ഛനെ കണ്ടിട്ട് വരാം '
അന്ന് നാമം ചൊല്ലുമ്പോൾ മനസ്സിൽ മുഴുവൻ കോളേജ് ഡേ ആയിരുന്നു . പദ്യം പറയുന്നതിന് മുൻപും പിൻപും കൂപ്പു കൈയോടെ വേണം സ്റ്റേജിൽ നില്ക്കാൻ , സുമയുടെ കൂടെ ഹിന്ദി ബാച്ചിലെ  പിള്ളേരെ പരിചയപ്പെടണം , ആ സിനിമ പ്രാന്തൻ ശ്യാമപ്രസാദിന്റെ നാടകം കാണണം അങ്ങനെ അങ്ങനെ ഒരിത്തിരി പൂത്തിരി കമ്പിത്തിരി മോഹങ്ങൾ .
'ഏടത്തി ഇന്ന് മുഴുവൻ ആശുപത്രിയിൽ ആയതു കൊണ്ട് കഴിക്കാൻ ഒന്നും ഉണ്ടാക്കിയില്ല . കുറച്ചു കഞ്ഞി ദേവൂന്റെ കൈയ്യിൽ കൊടുത്തു വിടുവോ ' എന്ന് പപ്പുമാമ ചോദിക്കുന്നത് കേട്ടു.
'അതിനെന്താ പപ്പുവേട്ടാ , ഞാൻ അത് മുൻപേ കരുതിയിരുന്നു. ഞങ്ങൾ കൊണ്ട് വന്നു കൊടുത്തു കൊള്ളാം.' എന്ന് അമ്മയും.

കഞ്ഞിയുമായി ദേവു ഉഷയുടെ വീട്ടിൽ കേറി അടുക്കളയിൽ വെച്ചു . പപ്പുമാമ രാമായണം വായിക്കുന്ന തിരക്കിൽ ആണ്. ഉഷ ചേച്ചി അതും കേട്ട് കൊണ്ട് വരാന്തയിലേ പായയിൽ കിടപ്പാണ് . ദേവുവിനെ നോക്കി കണ്ണിറുക്കി കാണിച്ചു , ദേവു നാക്കു പുറത്തോട്ടു ഇട്ടു കോപ്രായം കാണിച്ചു . ഇതാണ് ഇവരുടെ ആശയവിനിമയ രീതി . ഇത് കഴിഞ്ഞതും ഉഷ ചേച്ചി പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു
'നിനക്ക് ഷോക്കിന്റെ സമയം ആയോടി ദേവു ?' 'ഉള്ള ഷോക്കെല്ലാം നിങ്ങൾ എടുത്തില്ലേ ഉഷേച്ചി ' 
'ഇന്ന് ഭയങ്കര സന്തോഷത്തിൽ ആണല്ലോ ? പുതിയ കവിത വല്ലതും വാരികയിൽ വന്നോ ?'
'ഇല്ലേച്ചി , ഞാൻ അയക്കുന്ന കവിത എല്ലാം അവർ പത്രാപ്പീസിൽ  തോണി ഉണ്ടാക്കി കളിക്കുവായിരിക്കും എന്നാണു അപ്പുവേട്ടൻ പറയുന്നത്' 
'ഒരിക്കൽ ഒരു തോണി ഇല്ലാത്തതു കൊണ്ടാവാം ശ്രീരാമൻ കുറേ കുരങ്ങന്മാരെ കൊണ്ട് ലങ്കയിലേക്ക്  പാലം പണിയിച്ചതു. ശ്രീരാമൻ ഒരു ബൂർഷ്വ ആയിരുന്നു  അല്ലേ പപ്പുമാമേ ?'
'നീ തർക്കുത്തരം പറയാതെ , ചൂടോടെ കഞ്ഞി എടുത്തു കഴിക്കു . ദേവു മോളെ ഒന്ന് ചേച്ചിയ്ക്ക് വിളമ്പി കൊടുക്കുട്ടോ . ഞാൻ ഇത് ഒന്ന് തീർത്തോട്ടെ ?'
ഉഷയും ദേവുവും അകത്തേക്ക് പോയതും ശ്രീരാമനോട് മാപ്പു ചോദിച്ചു പപ്പു മാമ രാമായണം വായന തുടർന്നു .

ഉഷ ചേച്ചി കഞ്ഞി കുടിക്കുമ്പോൾ കോളേജ് ഡേയ്ക്ക് പദ്യം ചൊല്ലാൻ പോകുന്നത് ദേവു അറിയിച്ചു.
'നിന്റെ മൂരാച്ചി തന്ത സമ്മതിച്ചോ ?'
'അതോക്കെ അപ്പ്രൂവ്ഡ് , അപ്പുവേട്ടനും അമ്മയും സപ്പോർട്ട് ചെയ്തത് കൊണ്ട് നടന്നു'
'എട്ടാം ക്ലാസ്സുകാരി കല്യാണപെണ്ണ് മുടക്കി കാണുമല്ലോ . കള്ളി പാറു '
'ചേച്ചി ഒന്ന് ശ്രമിച്ചു , പക്ഷേ അമ്മ അത് വേരോടെ പിഴുതു എറിഞ്ഞു. ഇനി ചേച്ചിയുടെ കൈയ്യിൽ നിന്നും ഒരു സാരി കൂടി ഒപ്പിച്ചാൽ കുശാൽ '
'ഉം..അപ്പോ കോളേജിൽ ചെത്താൻ ആണ് പ്ലാൻ . നടക്കട്ടേ... നിന്നെ  വല്ല നസ്രാണിയും അടിച്ചോണ്ടു പോവാതെ സൂക്ഷിച്ചോ '
'ഒന്ന് പോ ചേച്ചി , ഞാൻ ഒളിച്ചോടാൻ പറ്റിയ നമ്പൂരി ഇല്ലം നോക്കി കൊണ്ടിരിക്കുമ്പോൾ ആണ് ഒരു നസ്രാണി '
അവരുടേ പൊട്ടിചിരിയിൽ ആ സന്ധ്യ മയങ്ങി . 

പിറ്റേന്ന് കോളേജിലേക്ക് പോകുന്ന വഴി എല്ലാ തോഴിമാരെയും അറിയിച്ചു താനും പങ്കെടുക്കാൻ പോകുന്നു എന്ന് . കൂട്ടുകാരികളും ഒന്നമ്പരന്നു . ഇത് വരേ ഒരു മിനിറ്റ് പോലും കോളേജ് കഴിഞ്ഞാൽ നിൽക്കാത്ത ദേവുവിന് വീട്ടുതടങ്കലിൽ നിന്ന് റിമാൻഡ് ചെയ്ത സന്തോഷം എല്ലാവരും കൂടെ  കണാരന്റെ കടയിലെ ഗോട്ടി സോഡ കുടിച്ചു ആഘോഷിച്ചു.  സുമയും ഗായുവും പാവാടയും ബ്ലൗസും പ്രിയ ചുരിദാറും ആണത്രേ . ചേച്ചീടെ ഏതു സാരി കിട്ടും എന്നറിയാത്ത ദേവു പറഞ്ഞു 'ഇറ്റ്സ് എ സർപ്രൈസ് '. അമ്പടി കേമി ഇവൾ കൊള്ളാലോ എന്നായി കൂട്ടുകാരികൾ . ദേവുവിന്റെ കവിതകൾക്ക് അല്ലെങ്കിലേ ഒരുപാട് ആരാധകർ ഉണ്ട് ഇനിയിപ്പോ കോളേജ് ഡേയ്ക്ക് അത് പാടിയാൽ പിന്നേ പറയാനില്ല . അന്ന് വീടെത്തിയതും ദേവു പതിവു ജോലികളിലേക്ക് മുഴുകി . സന്ധ്യാദീപം കൊളുത്തിയ ശേഷം പാറുചേച്ചിയെ സാരിയുടെ ആവശ്യം അറിയിച്ചു.
'നീ കല്യാണത്തിന് വാങ്ങിയ പട്ടു പാവാട എവിടേ ? അത് പോരേ ?' 
'അത് ഞാൻ പിറന്നാളിനും , വിഷുവിനു ഇട്ടു ചേച്ചി' 'ഉം .. ശെരി ഞാൻ നോക്കട്ടേ , സുകുവേട്ടന് ഇഷ്ട്ടപെടുമോ എന്നറിയില്ല ' 
സംഭാഷണം എങ്ങോട്ടു ആണ് പോകുന്നത് എന്ന് മനസ്സിലായ ദേവുവിന്റെ കണ്ണു നിറഞ്ഞു തുളുമ്പി പാറു അത് കൂട്ടാക്കിയില്ല . 
' ഇനിയും 3-4 ദിവസം ഇല്ലേ ? നമുക്ക് വഴി ഉണ്ടാക്കാം .  നീ വേഗം പോയി അടുക്കളയിൽ എന്താന്നാച്ച നോക്ക് ഞാൻ ഇതാ വരുന്നു ' എന്നായി ചേച്ചി .
മനസ്സില്ലാമനസ്സോടെ 2 ദിവസം ഇഴഞ്ഞു പോയി കോളേജ് ഡേയ്ക്ക് തലേന്ന് വൈകീട്ട് വീട്ടിലെത്തിയപ്പോൾ ചേച്ചിയും സുകുവേട്ടനും മണ്ണാർക്കാട് ഉള്ള ഒരു  ബന്ധു വീട്ടിലേക്കു പോയിരിക്കുന്നു അത്രേ . വേവലാതിയോടെ അകത്തേക്കു കടന്നതും അമ്മ പറഞ്ഞു
'എടി നിനക്കുള്ള സാരി ചേച്ചി നിന്റെ കട്ടിലിൽ വെച്ചിട്ടുണ്ട്' 
'അമ്മയോട് വല്ലതും  ചേച്ചി പറഞ്ഞോ ?'
'ഇല്ല ..എന്ത് പറയാൻ . ഞാൻ തുണി മടക്കി വെയ്ക്കാൻ പോയപ്പോൾ ആണ് കണ്ടതു '
പുസ്തകവും ചോറ്റുപാത്രവും മൂക്കിലേക്ക് വലിച്ചു എറിഞ്ഞു ദേവു മുറിയിലേക്ക് ഓടി . അവിടേ വെള്ള പുതപ്പിൽ ഒരു ചുവന്ന പട്ടു സാരീ. ഇങ്ങനെത്തെ ഒരു സാരീ ഇത് വരേ കണ്ടിട്ടില്ല , കള്ളി ചേച്ചി ഒളിപ്പിച്ചു പൂഴ്ത്തി വെച്ചിരിക്കുവാണ് . സത്യം പറഞ്ഞാൽ ചേച്ചിയുടെ കല്യാണ പുടവയേക്കാൾ നല്ലോരു സാരി . ഈ മഹാശ്ചര്യം കാരണം ഇനി നാളേ മഴ പെയ്യാതെ ഇരുന്നാൽ മതി എന്ന് ദേവു പേടിച്ചു .

പിറ്റേന്നു രാവിലേ കുളിച്ചൊരുങ്ങി സാരീയുടുത്തു കോളേജിലേക്ക് ഇറങ്ങവേ ജ്യോത്സൻ കോനായർ മാമ ഉമ്മറക്കോലായിൽ ഇരിക്കുന്നു . എല്ലാ മാസവും ദേശാടനത്തിനു ഇടയ്ക്കു അച്ഛനെ കാണാൻ വരുന്നത് കോനായർ മാമടെ പതിവാണ് .
'ഇന്നെന്താ ദേവു വിശേഷം ?'
'കോളേജ് ഡേ ആണ് മാമേ , ഞാൻ ഒരു കവിത പാടുന്നുണ്ട് . മാമ അനുഗ്രഹിക്കണം '
'നിനക്ക് ഇപ്പോൾ വ്യാഴദശക്കാലം ആണ് , എല്ലാം നല്ലതേ വരൂ. ധൈര്യായിട്ട് പോയി വാ. ഞാൻ 2-3 ദിവസം ഇവിടെ  കാണും .'
പടി പൂട്ടി ഇറങ്ങാൻ ഒരുങ്ങിയതും ഉഷ ചേച്ചി ചൂളം വിളിച്ചു .
'ഇതാരാ വൈജയന്തിമാലയോ ?'
'ഒന്ന് പോ ചേച്ചി ' എന്ന് നാണത്തോടെ  ദേവു തല താഴ്ത്തി.
'ബനാറസ്സി സിൽക്ക് നിനക്ക് നന്നായി ചേരുന്നുണ്ട് , ഇപ്പോൾ നിന്നെ   കണ്ടാൽ  ഏതു ഇല്ലവും തീറെഴുതി തരും '
'ഞാൻ പോകട്ടെ , വൈകി '
'ആയിക്കോട്ടെ , കവിത നന്നാവും പേടിക്കേണ്ട '
ഹോ ഈ ഉഷേച്ചിയുടെ കാര്യം ഒറ്റനോട്ടത്തിൽ തന്നേ ഇത് ബനാറസി ആണെന്ന് കണ്ടു പിടിച്ചു എന്ന് ദേവു മനസ്സിൽ പറഞ്ഞു .

അന്നുച്ചയോടെ പാറുവും ഭർത്താവും മണ്ണാർക്കാട്ടിൽ നിന്നും തിരികേ എത്തി .
 'അമ്മേ!! അവൾ എവിടെ?? അവൾക്കുള്ള സാരീ ഞാൻ കൊടുക്കാൻ മറന്നു. ഇസ്തിരി ഇട്ടു വെച്ചതാ അത് ഓര്മയില്ലാണ്ടെ ഞാൻ മണ്ണാർക്കാട്ടേക്കു കൊണ്ടു പോയി'
 ഒന്നും മനസ്സിലാവാണ്ടെ അമ്മയും കോനായരും അച്ഛനും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരുന്നു.
അവിടെ ഉഷ ചേച്ചി ബനാറസ് സിൽക്കിന്റെ അട്ടകടലാസു എടുത്തു ചവറ്റുകൂട്ടയിലേക്ക് വലിച്ചു എറിയുകയായിരുന്നു .

No comments:

Love to hear what you think!
[Facebook Comment For Blogger]