Pages

Thursday, October 3, 2019

സമായേൽ (Samael- Angel of Death)

എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടാത്ത ഒരു കഥാപാത്രം ആണ് ബിമൽ നായർ അഥവാ ലൂസിഫെറിലെ ബോബി. ലോകത്തു പല സിനിമകളിലും വില്ലൻ കഥാപാത്രങ്ങൾ ചവറു കണക്കിന് ബോഡി ഗാർഡിനെ കൊണ്ട് നടക്കുമ്പോൾ പാവം ബോബി എപ്പോളും ഒറ്റയ്ക്കാണ്. മുറുക്കാൻ കടയിൽ കടം പറയാൻ പോകുന്നത് പോലെ ഒറ്റയ്ക്ക് ഡ്രഗ് ലോർഡ് ഫിയോഡോറിനെ കണ്ടു ഡീൽ ഉറപ്പിക്കുന്നു.  ഒരു പക്ഷേ ലോകസിനിമയിലേ ഏറ്റവും നല്ലൊരു വില്ലൻ ബാറ്റ്മാനിലേ ജോക്കർ ആവും . അതിൽ പോലും കാര്യത്തോട് അടുക്കുമ്പോ ചറപറ ഗുണ്ടകളേ ഇറക്കി വിളയാടുന്നത് നമ്മൾ കണ്ടതാണ്. പേരിനു ഒരു പി. എ പോലും ഇല്ല അകമ്പടിക്കായി ആരുമില്ല  മന്ത്രിമാരെ നേരിട്ട് കാണുന്നു ഉപദേശിക്കുന്നു, റിയൽ എസ്റ്റേറ്റ് മാഫിയ കള്ളപ്പണം ഡ്രഗ് ഈ തരികിടകൾ എല്ലാമുള്ള ഒരു എളിമയുള്ള കോസ്റ്റ കട്ടിങ് വില്ലൻ ലോക സിനിമയിൽ ആദ്യമായിട്ട് ആവും. ഇവൻ എങ്ങനെ വില്ലൻ ആയടെ ? എന്ന് തോന്നിപ്പിക്കും വിധം ആണ് അണ്ണന്റെ പെരുമാറ്റം. ബോബ്ബിയെ വെറുക്കാൻ വേണ്ടി ആവും  സ്വന്തം ഭാര്യയുടെ തന്റേതല്ലാത്ത മോളുമായുള്ള ഡിങ്കോൾഫി . അത് കാണുമ്പോൾ ഏതൊരുത്തന്റെയും രക്തം തിളക്കും അവനിട്ടു രണ്ടെണ്ണം കൊടുക്കണം എന്ന് തോന്നും. എന്നാലും അടി കിട്ടും എന്ന് ഏകദേശം ഉറപ്പുള്ള സന്ദർഭത്തിൽ പോലും ബോബി ഒറ്റയ്ക്കാണ്. ഈ ഊളയെ ഒതുക്കാൻ ആണോ ഖുറേഷി അഥവാ സ്റ്റീഫൻ നെടുമ്പള്ളി എഴുന്നള്ളിയത് ? ദശമൂലം ദാമുവിനെ വിളിച്ചാൽ അവൻ ഒതുക്കിയെന്നെ ഈ ബോബ്ബിയെ അല്ല പിന്നേ!!! എന്നാൽ  അങ്ങനെ ഊഹിക്കാൻ വരട്ടേ, നിങ്ങൾ കരുതുന്നത് പോലെ നിസ്സാരക്കാരൻ അല്ല ബോബി.



ബോബിക്ക്  3 വയസ്സുള്ളപ്പോൾ ആണ് കോട്ടയത്ത് നിന്നും മഹാരാഷ്ട്രയിലേക്കു കുടിയേറിയത്. മഹാരാഷ്ട്രയിൽ രത്നഗിരിക്ക് അടുത്തു റബ്ബർ പ്ലാന്റേഷനിൽ ഓവർസിയർ ആയിരുന്നു ബോബിയുടെ അച്ഛൻ ബിജു നായർ. കഠിനാദ്ധ്വാനിയും ഒരൽപം ആവശ്യത്തിൽ അധികം സത്യസന്ധതയും ഉള്ള ഒരു പാവം ചങ്ങനാശ്ശേരിക്കാരൻ. ബിജുവിന്റെ മുതലാളി തോമാച്ചൻ ആവട്ടേ രാഷ്ട്രീയത്തിൽ ഇറങ്ങിയത് കൊണ്ട് കച്ചവടം നോക്കാൻ ഒട്ടും സമയം കണ്ടെത്താർ ഇല്ല. പ്രമുഖ നേതാവ് രാംദാസ് അഥവാ പീ.കേ.ആറിന്റെ വലം കൈ ആയിരുന്നു തോമാച്ചൻ. മാസത്തിൽ ഒരിക്കൽ ബിജു നാട്ടിൽ പോയി കണക്കെല്ലാം ബോധിപ്പിക്കും. ആ സമയം ഒഴിച്ച് ബിജുവും ബോബ്ബിയും കുടുംബവും രത്നഗിരിയിൽ ആസ്വദിച്ചു ജീവിച്ചു. രത്നഗിരിയിലെ ബിജുസാറിനെ തൊഴിലാളികൾക്കു ബഹുമാനവും പേടിയും എല്ലാം ആയിരുന്നു.  അച്ഛൻ ആയിരുന്നു ബോബിയുടെയും ഹീറോ , തോക്കെടുത്തു പന്നികളേ വേട്ടയാടി തോളിൽ തൂക്കി വരുന്നത് കാണാൻ തന്നേ ഒരു രസമായിരുന്നു. ചാരായവും കഞ്ചാവും ഉപയോഗിച്ചു ബലഹീനർ ആയ ഒരുകൂട്ടം കാട്ടുവാസി സഹോദരങ്ങളേ പള്ളിയുടെ സഹായത്തോടെ  പുനരധിസിപ്പിക്കുവാൻ മുൻകൈ എടുത്ത മഹാമനുഷ്യൻ.   ബോബിയെ  ഒരു പേടിയും ഇല്ലാതെ വളർത്തി പോരാത്തതിന് പഠിത്തത്തിലും ഒരുപാട് ശ്രദ്ധ ചെലുത്തി.



അങ്ങനെ ഇരിക്കേ ഒരു പ്രാവശ്യം ബിജു നാട്ടിലേക്കു  പോയിട്ട് തിരികേ വന്നതേ ഇല്ല. പീ.കേ.ആറിന്റെ രാഷ്ട്രീയ ചതുരംഗത്തിലെ ഒരു നീക്കത്തിൽ തോമാച്ചനും അനുയായികളും കൊല്ലപ്പെട്ടു കൂട്ടത്തിൽ ബിജുവും. നിയുക്ത മുഖ്യമന്ത്രിക്ക് എതിരേ പോയി പക വീട്ടാൻ ഒന്നും ബോബ്ബിക്ക് തോന്നിയില്ല , മറിച്ചു പീ.കേ.ആറിന്റെ കൂട്ടർ വന്നു സ്വന്തം കുടുംബത്തെ അപായപ്പെടുത്തുമോ എന്നായിരുന്നു ചിന്ത. നാട്ടിലേ വിശേഷം അറിഞ്ഞ ചിലർ ഈ തക്കം നോക്കി പ്ലാന്റേഷനിലെ മലയാളി കുടുംബങ്ങളെ വക വരുത്താൻ നിലപാടെടുത്തു. മറാത്തി അല്ലാത്ത എല്ലാ തൊഴിലാളികളെയും മുതലാളികളെയും അടിച്ചു ഓടിച്ചു. അങ്ങനെ ഒരു സുപ്രഭാതത്തിൽ ബോബ്ബിയും കുടുംബവും തെരുവിലായി . അന്ന് വരേ സ്വന്തം അച്ഛന്റെ മുൻപിൽ തല കുനിച്ചു നടന്ന തൊഴിലാളികൾ ഒരു സുപ്രഭാതത്തിൽ തനി നിറം കാണിച്ചു കൊടുത്തു. ബോബ്ബിയുടെ അമ്മയേം ചേച്ചിയേം അവർ മൃഗീയമായി കൊന്നു തള്ളി. നിസ്സഹായനായി ഇരുട്ടിന്റെ രക്ഷയിൽ എങ്ങെങ്ങോ ഇല്ലാതെ അവൻ  ഓടി വലഞ്ഞു . ചെന്നായ്‌കൂട്ടങ്ങളെ പോലെ തന്റെ അമ്മയേം പെങ്ങളെയും ആക്രമിക്കുന്നത് ബോബ്ബിയെ ഒരു ഭ്രാന്തൻ ആക്കി ഉറക്കമില്ലാതാക്കി.



അച്ഛൻ പഠിപ്പിച്ചു തന്നത് പോലേ , തനിക്കു ഇവരെ വേട്ടയാടാൻ സമയം വരും അത് വരേ ക്ഷമയോടെ വേദനകൾ ഉള്ളിൽ ഒതുക്കി മുന്നോട്ടു പോകാൻ ബോബി തയ്യാർ ആയി. ബോബിയുടെ പ്രയാണം അവിടെയാണ് തുടങ്ങിയത് . ആരേയും കൂസാതെ ഒറ്റയ്ക്ക് വേട്ടയാടുന്ന ഒരു ഒറ്റയാന്റെ പടയോട്ടം. ചതിക്കുഴികൾ ഒരുക്കിയും പിന്നിൽ നിന്നും കുത്തിയും കുതികാൽ വെട്ടിയും മാത്രമേ ഒറ്റയ്ക്ക് മുന്നോട്ടു പോകാൻ വഴി തെളിയു എന്ന് ചെറുപ്പത്തിലേ മനസ്സിലാക്കിയ ബോബി ഇങ്ങനേ ആയി തീർന്നതിൽ ആശ്ചര്യം ഒട്ടുമില്ല. ശേഷം സ്‌ക്രീനിൽ നമ്മൾ കണ്ടതാണല്ലോ.... സാത്താന്റെ കൈകളാൽ കശാപ്പു ചെയ്യപ്പെട്ട ഒറ്റയാൻ പോരാളി. സ്റ്റീഫൻ നെടുമ്പള്ളി ലൂസിഫർ ആണെങ്കിൽ ബിമൽ ബോബ്ബി നായർ സമായേൽ ആണ് . നന്മയും തിന്മയും ഒരുപോലേ കൈവശം ഉള്ള മരണത്തിന്റെ മാലാഖ.

"Samael, Alas!! is an Angel of  Death.
Samael is God's Venom with a purpose to bring death to Humanity.He is the accuser, the seducer and the destroyer.
He tests humanity and draws out the sinful and unrepentant.
He lets God be the final judge of all.Samael, is called upon for death and destruction...."