Pages

Sunday, March 29, 2020

ന്യൂ ഡൽഹിയിലെ ചില പഴയ മനുഷ്യർ

ഇന്നലേ ടീ.വീയിൽ കണ്ടു കുറേ തൊഴിലാളികൾ ഡൽഹിയിൽ നിന്നും യു.പി , ബീഹാർ എന്നിവിടങ്ങളിലേക്ക് പോകാൻ തേനീച്ച കൂട്ടങ്ങളെ പോലെ തിങ്ങി കൂടി നിൽക്കുന്നു. ചിലർ സാഹചര്യം കണ്ടു മോദിയെ , കെജ്‌രിവാളിനെ , ചൈനയെ എല്ലാം മാറി മാറി തെറി വിളിക്കുന്നു. ഈ പറയുന്നവർ ആരും ഇവർ ആരാണെന്നോ ഇവരുടെ ജീവിതം എങ്ങനെ ആണെന്നോ അറിയാത്തവർ ആയിരിക്കും. എന്റെ ഒരു ചെറിയ അനുഭവം വെളിപ്പെടുത്തട്ടെ , എന്റെ ചെറുപ്പത്തിലേ കുറച്ചു കാലം ഞാൻ ഡൽഹിയിൽ ആണ് ചിലവഴിച്ചത് , പിന്നീട് ഇടക്കേ ഇടക്കേ വെക്കേഷൻ ഡൽഹിയിൽ ആയിരിക്കും. ഡൽഹിയിൽ ഞങ്ങളുടെ എല്ലാ ബന്ധുക്കളുടെയും അവരുടെ കൂട്ടുകാരുടെ വീടുകളിലും വീടുപണിക്ക് വരുന്നത് സ്ത്രീകൾ ആയിരുന്നു. മെലിഞ്ഞു ഉണങ്ങിയ ദേഹ പ്രകൃതിയും ചെമ്പൻ മുടിയും ഒരു വല്ലാത്ത ഗന്ധം ഉള്ള ഇവർ ഒരു ദിവസം 5 വീട് വരേ കവർ ചെയ്യും. ഇവരുടെ വരുമാനത്തെ കുറിച്ച് ഞാൻ താഴെ പറയാം. ഇനി ഈ സ്ത്രീകളുടെ ഭർത്താക്കന്മാർ പലരും റിക്ഷ ഓടിക്കുന്നവരോ , കാർ തുടയ്ക്കുന്നവരോ , ഇസ്തിരി ഇടുന്നവരോ, ഹോട്ടലുകളിൽ പാത്രം കഴുകുന്നവരോ ആയിരിക്കും. മിക്കവാറും കുട്ടികളും ഇവരുടെ തൊഴിലിൽ കൂടും , എന്റെ പ്രായം ഉള്ള പയ്യന്മാർ പട്ടിയെ നടത്തുന്നതും , ഇസ്തിരി പെട്ടിക്കുള്ള കനൽ ഉണ്ടാക്കുന്നതും , സൈക്കിളിൽ വീട്ടു സാധനം ഡെലിവർ ചെയ്യുന്നതും ഒക്കെ ഞാൻ കണ്ടിട്ടുണ്ട്.


ഇവർ കുടുംബത്തോടെ ജൂഗ്ഗികളിൽ ആണ് താമസം. ഇംഗ്ലീഷിൽ 'slums' എന്ന് പറയുന്ന പാർപ്പിടങ്ങൾ തന്നേ . തീരേ വൃത്തിഹീനമായ ഒരിടത്തു പന്നിയും മനുഷ്യനും പട്ടിയും പൂച്ചയും ഒക്കെ പെറ്റു പെരുകി ഇരിക്കുന്ന ഒരു തരംതാണ താമസ സൗകര്യം. ഓരോ വെക്കേഷന് പോകുമ്പോളും ഡൽഹിയിലെ റോഡുകൾ നന്നായി , മെട്രോ വന്നു , എന്റെ കുടുംബങ്ങളെ പോലെ ചുറ്റും എല്ലാവര്ക്കും കാർ ആയി വരുമാനം കൂടി , അമ്പലങ്ങൾ പള്ളികൾ ഒക്കെ മോഡി പിടിച്ചു. ജുഗ്ഗികൾ ജുഗ്ഗികൾ ആയി തുടർന്നു. ഇനി ആണ് വരുമാനത്തിന്റെ ഇന്റെരെസ്റ്റിംഗ് സ്റ്റാറ്റിസ്റ്റിക്‌സ് , കേരളത്തിൽ അന്ന് കാലത്തു വീട്ടു ജോലിക്കു ഒരു ദിവസം 100 രൂപയായിരുന്നു ഡൽഹിയിലെ വീട്ടുകാർക്ക് ആവട്ടേ 10 രൂപ. സംശയിക്കേണ്ട 10 രൂപ. ഇനി റിക്ഷ ഓടിക്കുന്നവരുടെ കഥ പറയാം . ഒരു പോയിന്റിനു കേരളത്തിൽ ഓട്ടോയ്ക്കു അന്ന് 15 രൂപ ആയിരുന്നു മിനിമം ചാർജ്, സൈക്കിൾ റിക്ഷയ്ക്കു 1 രൂപ. മയൂർ വിഹാർ എന്റെ വല്യമ്മടെ വീട്ടിൽ നിന്ന് അമ്പലത്തിലേക്ക് റിക്ഷ ചാർജ് 3 രൂപ . ഇസ്തിരി ഇടുന്ന ഒരു ഡ്രെസ്സിനു 1 രൂപ . എല്ലാം കഴിഞ്ഞിട്ട് നിന്നേ ഒക്കേ ഞാൻ ജോലിക്കു നിർത്തുന്നില്ലെടാ എന്നൊരു പുച്ഛവും.

ഇപ്പോൾ ഒരു ഊഹം കിട്ടിയില്ലേ ഈ ജുഗ്ഗികൾ പുരോഗമിക്കാത്തതു എന്ത് കൊണ്ടെന്നു ? ജുഗ്ഗികൾ ജുഗ്ഗികളായി തുടർന്നാൽ മാത്രമേ ഡൽഹിയിലെ ജീവിത ചക്രം ചുളുവിൽ ഒടുള്ളൂ. ഡൽഹിയിലെ ഈ മോഡേൺ സ്ലേവറിക്കു കളം ഒരുക്കുന്നത് അടുത്തുള്ള സംസ്ഥാനങ്ങളിലെ ദാരിദ്ര്യവും വർണ്ണ ജാതി വിവേചനവും കൊണ്ടാണ് . നരകം വേണോ അതോ നടുക്കടലിൽ മുങ്ങി ചാവാണോ എന്ന് ചോദിക്കുന്നവനോട് അവൻ നടുക്കടൽ മതിയെ എന്നല്ലേ പറയു. അത് കൊണ്ട് ജുഗ്ഗികളിലേക്കു ആൾക്കാരെ കൂട്ടാൻ ബ്രോക്കര്മാര്ക്ക് കഷ്ട്ടപ്പെടേണ്ട ഒരാവശ്യവും ഇല്ല . പണിക്കാർ ഇങ്ങു ഒഴുകിക്കൊള്ളും , കോമ്പറ്റിഷൻ കൂടുമ്പോൾ കൂലിയും കുറയും. എല്ലാത്തിനും ഉപരി ഇവർക്ക് വോട്ടവകാശം ഇല്ല അത് കൊണ്ട് ഇവർക്ക് വേണ്ടി ശബ്ദം ഉയർത്താൻ ആരുമില്ല. ക്യാപിറ്റലിസത്തിന്റെ ഒരു വൃത്തി കെട്ട പരിണാമം. ഓരോ വെക്കേഷന് പോകുമ്പോൾ എനിക്ക് ഉറപ്പായി കേരളം ഒരു സ്വർഗ്ഗം അതിൽ കമ്മ്യൂണിസത്തിന്റെ പങ്കു ചെറുതല്ല എന്ന് .

ഇന്നിപ്പോൾ കൊറോണ വന്നപ്പോൾ ഈ ജുഗ്ഗിക്കാരെ ആർക്കും വേണ്ട . റിക്ഷകൾ വേണ്ട, ഇസ്തിരി വേണ്ട , പാത്രം കഴുകാൻ പറ്റില്യ അങ്ങനെ അങ്ങനെ. കൊറോണാ മനുഷ്യന്റെ വൃത്തികെട്ട മുഖം കാണിച്ചു തന്നതിൽ ഉപരി ഇത് പോലത്തെ ചില ജീവിതങ്ങൾ നമുക്ക് ചുറ്റും കഷ്ട്ടപെടുന്നുണ്ട് എന്ന് ഓർമ്മിപ്പിച്ചു തരുന്നു . ഇത് നടക്കാൻ തുടങ്ങിയിട്ട് 50 കൊല്ലം എങ്കിലും ആയിക്കാണും. കൊറോണ മൂലം ഡൽഹിയിൽ മരിക്കുന്നവരിൽ ഉപരി പട്ടിണി മൂലം ആയിരിക്കും കൂടുതൽ മരണം എന്നൊരു യാഥാസ്ഥികതയും ഇതിൽ ഉണ്ട്. അതാണ് ഞാൻ നേരത്തെ പറഞ്ഞത് ഇതിനു പരിഹാരം കൊണ്ട് വരാൻ മോദിജിയ്ക്കോ കെജ്രിവാളിനോ പറ്റില്ല , ഇവർക്ക് പിന്നിൽ ഇരുന്നു ഈ സിസ്റ്റം അഭ്യൂസ് ചെയ്യുന്ന എന്നേയും നിങ്ങളേയും പോലുള്ള ഒരു പൊതു സമൂഹം ആണ്.

കൊറോണ മൂലം ഇവരുടെ യഥാർത്ഥ മൂല്യം സമൂഹം തിരിച്ചറിയട്ടേ അവരുടെ ജീവിത നിലവാരം മെച്ചപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സർക്കാരുകൾ ഈ പാവങ്ങൾക്കുള്ള ആഹാര സൗകര്യം എങ്കിലും ഏർപ്പാട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

~ എല്ലാം ശുഭം ആവട്ടെ ~







Wednesday, March 25, 2020

കൊറോണയുടെ ഏഴിലേ പണി

വൈകീട്ട് ആറു മണിക്ക് വടക്കന്തറ കദന വെടി മുഴങ്ങും, ഒമ്പതെണ്ണം ആണ് പതിവ് പിന്നേ നേർച്ചകൾ അനുസരിച്ചു കൂടും. ആറു മണി ആയെന്നു സമയം നോക്കാതെ ഞാൻ അറിയുന്നത് അങ്ങനെ ആയിരുന്നു. ബാറ്റും സ്റ്റമ്പ് ബോളും ഒക്കെ എടുത്തു വീട്ടിലേക്കു ഓടും. ആറേകാലിനു സന്ധ്യാനാമം ചൊല്ലാൻ എത്തിക്കൊള്ളണം അതാണ് നിയമം. എത്തിയില്ലെങ്കിൽ അമ്മൂമ്മയുടേ ഭരണിപ്പാട്ട് അമ്മയുടെ കണ്ണുരുട്ടൽ ഒക്കെ സഹിക്കേണ്ടി വരും. സന്ധ്യാനാമം കഴിയുമ്പോളേക്കും ടിഫിൻ റെഡി അത് കഴിച്ചോണ്ടു ഉഴപ്പിക്കൊണ്ട് ഇരിക്കുമ്പോ കക്ഷത്തും നെഞ്ചത്തും മുഖത്തും പൌഡർ പൂശി കൊണ്ട് അപ്പുറത്തെ കസേരയിൽ ഇരിക്കുന്ന  അച്ഛൻ ചോദിക്കും
"പഠിക്കാൻ ഒന്നുമില്ലേ ?"
കൂട്ടം മാറ്റാൻ മിടുക്കൻ ആയ ഞാൻ തിരിച്ചു അങ്ങോട്ട് ചോദിക്കും
"അച്ഛായെങ്ങോട്ടാ ??"
"ഞാൻ ഒന്ന് പുറത്തു പോയിട്ട് വരാം "
"പുറത്തു" എന്നുള്ളതു ഒരു ലിമിറ്റ് ഇല്ലാത്ത സംഭവം ആണ് അതിൽ വലിയപാടം മുരുഗൻ കോവിൽ തൊട്ടു അങ്ങ് ശേഖരിപുരം വരേ നടന്നു പോകാവുന്ന ഏതു സ്ഥലവും ഉൾപ്പെടും എന്ന് ഞാൻ പിന്നീട് ആണ് മനസ്സിലാക്കിയത്. ഏഴു മണി ആകുമ്പോൾ ഒന്ന് റോഡിലേക്ക് നോക്കിയാൽ ഇങ്ങനേ പുറത്തു പോകുന്ന കുറേ ചെറുപ്പക്കാർ, മധ്യവയസ്കർ , മുതിർന്നവർ എല്ലാവരും ഇങ്ങനേ നടന്നോ അല്ലെങ്കിൽ ടു വീലറിലോ പോകുന്നത് കാണാം.
വീട്ടമ്മമാർക്കും ഇത് പൂർണ്ണ സമ്മതം , കാരണം ഏഴു മണിക്ക് സ്ത്രീ , ഏഴരയ്ക്ക് അയ്യപ്പൻ , എട്ടിന് കത്തനാർ എന്നിങ്ങനെ ലിസ്റ്റ് നീണ്ടു കിടക്കുകായാണ്. ഒമ്പതു ആവണ്ടേ പുരുഷ ഗണങ്ങളെ ഇങ്ങു കൊണ്ട് വരല്ലേ എന്നാവും ഇവരുടേ പ്രാർത്ഥന. നേരത്തെ വന്നാൽ പിന്നേ റിമോട്ടിൽ ഉള്ള തന്റെ ജന്മാവകാശം പിടിച്ചെടുത്തു ന്യൂസ് സ്പോർട്സ് എന്നിവ വെയ്ക്കും .
പണ്ടത്തേ ന്യൂസ് പോലേ അല്ല ഇന്നത്തേ ന്യൂസ്... വെറും ന്യൂസ് നോ മസാല, നോ അടിപിടി, നോ തെറിവിളി . പീ സീ ജോർജ് പോലും അന്നത്തേ ന്യൂസിൽ പുണ്ണ്യാത്മാവു് ആയിരിന്നിരിക്കും.

കാലങ്ങൾക്കു ശേഷം എനിക്കും മുറി മീശ മുളച്ചു തുടങ്ങി , സ്വന്തം സൈക്കിൾ ആയി പിന്നീട്  ബൈക്ക് ആയി . ഏഴു മണി ആയതും അച്ഛന്റെ പിന്നാലേ ഞാനും ഇറങ്ങും ശങ്കരനെയോ (രണ്ടു ശങ്കരന്മാർ കിങ്കരന്മാർ ) വിജേഷിനെയോ രാമനെയോ പൊക്കി എടുത്തു അയ്യപ്പൻറെ ചായ കടയിൽ പോകും അല്ലെങ്കിൽ ഏതെങ്കിലും ബജ്ജി കട. കഥ പറഞ്ഞു ലാത്തി അടിച്ചു ഇരിക്കും , ചില ദിവസം രാമന്റെ ക്യാസറ്റു കടയാവും കേന്ദ്രം ചിലപ്പോൾ കുട്ടന്റെ ബാർബർ ഷോപ്പ് . നാട്ടിലേ ഇപ്പോളത്തെ കറന്റ് പ്രേമം , പൊളിഞ്ഞ പ്രേമം , അവിഹിതം ,  പൊളിറ്റിക്സ് , സിനിമ, ക്രിക്കറ്റ് , പ്രീമിയർ ലീഗ് എന്ന് വേണ്ട ലോക കാര്യങ്ങൾ എല്ലാം ചർച്ചയിൽ വരും. പറഞ്ഞു വരുന്നത് ഏഴു മണിയാവുമ്പോ ഞങ്ങടെ നാട്ടിലേ പുരുഷകേസരികൾ എല്ലാം ഓരോ കാരണം പറഞ്ഞു വീട്ടിൽ നിന്നും പുറത്തു ചാടും.  അതില്ലെങ്കിൽ സിൽക്ക് ഇല്ലാത്ത ഏഴിമല പൂഞ്ചോല പോലെയാവും, വെറുതെ കുറേ എണ്ണ വെറുതെ ഒരു ജീവിതം.

ഇന്നലേ ന്യൂസിൽ കണ്ടു പോലീസ് ചിലരേ കൊറോണാ കർഫ്യു പാലിക്കാത്തതു മൂലം മൂലത്തിനിട്ടു പൂശുന്നതു. ഹേയ് പോലീസ്-കാരാ ഏഴു മണി ആവുമ്പൊ പുറത്തിറങ്ങി ഒന്ന് ചുറ്റി കറങ്ങി വന്നാലേ ഞങ്ങൾക്ക് ഉറക്കം വരുകയുള്ളു . ദയവു ചെയ്തു ഞങ്ങളെ വണ്ടിയിൽ പാലക്കാട് കോട്ട മൈതാനത്തിന്റെ  രണ്ടു റൌണ്ട് അടിക്കാൻ എങ്കിലും അനുവദിക്കണം. കുറച്ചു വട്ടം വട്ടം നാരങ്ങാ റൗണ്ടിന് ശേഷം ഒരു ചെറിയ പൊതിയിൽ കുറച്ചു മുളക് ബജ്ജി (ഉള്ളി ബജ്ജി ആൾസോ ഓക്കേ ) , സെറ്റ് ദോശ , ചമ്മന്തി എന്നിവ പിക്കപ്പ് ചെയ്യാൻ ഉള്ള സൗകര്യം ഒരുക്കണം.  പിന്നേ ഒത്തുകൂടി ഒരു സ്ഥലത്തു ഇരിക്കാൻ പാടില്ല എന്നറിയാം അങ്ങനെ ആണെങ്കിൽ ഞങ്ങൾക്ക് ആറടി വ്യത്യാസത്തിൽ ഒരു കൊച്ചു മതിൽ സർക്കാർ പണി ചെയ്യണം . അതിൽ ഇരുന്നു കൊണ്ട് ബജ്ജി ഒക്കെ തിന്നു കഥയൊക്കെ പറഞ്ഞു ഞങ്ങൾ അഡ്ജസ്റ്റ് ചെയ്യാം.  ഞങ്ങളിൽ പലരും മദ്യപിക്കാറില്ല അപ്പോൾ ബീവറേജ് കാണിച്ചു ഞങ്ങളേ മോഹിപ്പിക്കേണ്ട മറിച്ചു മേൽപറഞ്ഞ സൗകര്യങ്ങൾ ഒരുക്കുവാൻ ഉള്ള സന്മനസ്സു കാണിക്കണം. അല്ലെങ്കിൽ ഞങ്ങളിൽ ചിലർ സാഹസത്തോടെ വീടുകളിൽ തന്നേ ഇരിക്കും റിമോട്ടുകൾ തട്ടി പറിക്കുംപിന്നേ  അത്  കുടുംബകലഹം, ബ്ലഡ് പ്രഷർ, ടീ വീ എറിഞ്ഞു പൊട്ടിക്കൽ, പാത്രങ്ങളുടെ റ്റിംഗ് ടോങ് ക്ലുങ് ഒച്ച മൂലം ശബ്ദമലിനീകരണം..  ഹോ ആലോചിക്കാനേ വയ്യ . അത്രേയൊക്കെ വേണോ പോലീസ്‌കാര??

കൊറോണ വരും പോകും പക്ഷേ കാലങ്ങൾ ആയുള്ള ഞങ്ങളുടെ പഴക്കങ്ങൾ അതോക്കെ പോകുമോ ??
ഇതോക്കെ  ഈ പൊലീസിനുണ്ടോ മനസ്സിലാവുന്നു ??
അല്ലെങ്കിലും പോലീസിനെ പറഞ്ഞിട്ടെന്താ കാര്യം...
ശൈലജ ടീച്ചർ നീതി പാലിക്കുക !
മുഖ്യമന്ത്രി രാജി വെയ്ക്കുക !!
മോദി സർക്കാർ പൂയ് പൂയ് !!!

നോട്ട് ദി പോയിന്റ് : കുറച്ചു ദിവസം ജാഗ്രത പാലിക്കുക , പിന്നീട് അത് ശീലം ആയിക്കൊള്ളും.

~ ശുഭം ~