Pages

Monday, August 16, 2021

വീക്കെൻഡ് വാര്യർ

 ചിലപ്പോൾ തോന്നും ക്രിക്കറ്റ് ആൻഡ് ഫുട്ബോൾ കളിക്കിടയിൽ ഉള്ള സമയം ആണ് ബാക്കി ജീവിതം എന്ന്. ആ ബാക്കി സമയത്തു കുടുംബം , കൂട്ടുകാർ , ജോലി അങ്ങനെ അങ്ങനെ അങ്ങനെ. മനസ്സ് പ്രവർത്തിക്കുന്നത് തന്നെ അങ്ങനെ ആയിപോയി. രാവിലെ എണീറ്റതും ക്രിക്കറ്റ് ഗ്രൂപ്പിൽ ഇന്ന് പ്രാക്ടീസ് ഉണ്ടോ ? അതിനു ശേഷം വീക്കെൻഡ് ഗെയിം എത്ര മണിക്ക് ? അത് കഴിഞ്ഞാൽ ഫുട്ബോൾ ഗ്രൂപിൽ കളി എന്നൊക്കെ ? ഇതിനിടയിൽ ആണ് ബാക്കി ഉള്ള 3 ജീവന്റെ പരിപാടികൾ എന്തൊക്കെ എന്ന് മനസ്സ് അന്വേഷിക്കുന്നത്. എന്റെ പ്രിയ സുഹൃത് ഉണ്ണിക്കുട്ടന്റെ വീഡിയോ 'ഈ ആണുങ്ങൾ എന്താ ഇങ്ങനെ' കവർ ചെയ്യാൻ വിട്ടു പോയ ഒരു മാനസിക പ്രശ്നം ആണ് ഈ സ്പോർട്സിനോടുള്ള അതി-താല്പര്യം.  

എന്നാൽ നിങ്ങൾ വിചാരിക്കും ഞാൻ ഇവിടുത്തെ ലോക്കൽ സച്ചിൻ ടെണ്ടുൽക്കർ അല്ലെങ്കിൽ മെസ്സി ആണെന്ന്. സത്യാവസ്ഥ എനിക്ക് അല്ലെ അറിയൂ  (അല്ല ടീമിനും അറിയാം). കുറച്ചു റൺസ് അടിച്ചു ബാറ്റ് പൊക്കിയ കാലം മറന്നു. ഫുട്ബോൾ കളിയിൽ ഗോൾ അടിയേക്കാൾ സമയം ആകാശവാണി അടിച്ചു പന്ത് കാട്ടിലേക്ക് പോയി പെറുക്കുന്നതിൽ ആണ്. ഈ രണ്ടു കളിക്കും പോകുന്നതു ബാഹുബലിയെ പോലെ മുട്ടിൽ , കാലിൽ , കൈയ്യിൽ ഒക്കെ ഓരോ ബാൻഡ് അല്ലെങ്കിൽ ബാൻഡേജ് ഇട്ടു കൊണ്ടാണ്. "റിട്ടയർ ചെയ്യാൻ ആയില്ലേ മനുഷ്യ" എന്ന് പ്രിയഭാര്യ സഹതാപത്തോടെ നോക്കുന്നത് കാണുമ്പോൾ തോന്നും പുല്ലു ഇതൊക്കെ നിർത്താം എന്ന് . പക്കേങ്കിൽ ആ സമയം ആവുമ്പോൾ കൈയ്ക്കും കാലിനും ഒക്കെ ഒരു തരിപ്പ് ആണ്. പിന്നെ മുറിവെണ്ണ, മൂവ്, ഡീപ്-ഹിറ്റ്, ചൂടുവെള്ളം ഒക്കെ ഉള്ളത് കൊണ്ട് വണ്ടി മുന്നോട്ടു ഓടുന്നു. ഗ്രൗണ്ടിൽ മിക്ക മധ്യവയസ്കൻമാരുടെ കഥയും ഇതൊക്കെ തന്നെ. 

ഇനി കളി തോറ്റാൽ ആണ് ഇതിന്റെ അടുത്ത ഗുരുതരാവസ്ഥ . കിളി പോയപോലെ പിച്ചും പേയും പറഞ്ഞു ആ ഷോട്ട് ഇങ്ങനെ കളിക്കണം ആയിരുന്നു അങ്ങനെ കളിക്കണം ആയിരുന്നു എന്നൊക്കെ  , ആ ഫീൽഡർ ഒരു 10 ഡിഗ്രി അങ്ങോട്ടോ ഇങ്ങോട്ടോ വെച്ചിരുന്നേൽ മറ്റവൻ നേരത്തെ ഔട്ട് ആയെന്നെ എന്നൊക്കെ ചിന്തിച്ചു ഉറക്കം കളയും. പാതിരാത്രിക്ക് മറ്റു ടീമംഗങ്ങളും ഇതേ പോലെ കിളി പോയ പോലെ അങ്ങോട്ടും ഇങ്ങോട്ടും വാട്സ്‌ആപ്പ് വഴി ചർച്ചകൾ ഉപദേശങ്ങൾ. കളി കഴിഞ്ഞാലും നിങ്ങളുടെ ചർച്ച തീരുന്നില്ലല്ലോ എന്ന് പൊണ്ടാട്ടി പറയുമ്പോൾ ആണ് ഇത് മലയാളം ന്യൂസ് ചാനൽ പോലെ ഗുണമിലാത്ത ചർച്ച ആണല്ലോ എന്ന തിരിച്ചറിവ് ഉണ്ടാവുന്നത്.

ഒരു പ്രത്യേക അവസ്ഥ തന്നെയാല്ലേ ? 

എന്ത് ചെയ്യാം.