Pages

Monday, October 6, 2014

ചില ബാല്യകാല ഓർമ്മകൾ

ഇന്ന് രാവിലേ നാട്ടിലേക്ക്  വിളിച്ചപ്പോൾ അമ്മ പറഞ്ഞു ഡീന ചേച്ചി അമ്മയേ കാണാൻ വന്നിരുന്നു . ഏകദേശം 20 കൊല്ലം കഴിഞ്ഞിട്ടാണ് അമ്മ ചേച്ചിയെ കാണുന്നത് . ഞാൻ കൊച്ചായിരുന്നപ്പോൾ ഞങ്ങൾ കുട്ടികളുടെ നേതാവ് ആയിരുന്നു ചേച്ചി . സിനിമയിൽ പാർവതിയെ (Mrs. Jayaram) കാണുമ്പോൾ എന്റെ കസിൻ ഉണ്ണി പറയുമായിരുന്നു 'അതാ ഡീന ചേച്ചി ടീ.വീയിൽ ' . അത്രയ്ക്കും സുന്ദരി ആയിരുന്നു ഞങ്ങടെ ചേച്ചി . ചിരട്ട കൊണ്ട് മണ്ണപ്പം ചുടാനും , കുഴിയാനയെ പിടിക്കാനും പിന്നേ തോട്ടിൽ നിന്നും മീൻ പിടിക്കാൻ ഒക്കെ ഞങ്ങളേ പഠിപ്പിച്ച ആളാണ്‌ പുള്ളിക്കാരി . ക്രിസ്സ്മസ്സ് ആയാലും ഈസ്റ്റർ ആയാലും ഡീന ചേച്ചിയുടെ വീട്ടിൽ ആയിരുന്നു ഞങ്ങടെ കുട്ടിപട്ടാളം . വട്ടയപ്പം , കേക്ക് , അച്ചപ്പം, കട്ട്ലറ്റ്  അങ്ങനെ അമ്മച്ചിയുടെ കരവിരുതിൽ ഉണ്ടാക്കിയ എല്ലാ ഫുഡും അടിപിടി കൂടി കഴിക്കാൻ നല്ല രസം ആയിരുന്നു .

ഒരു ദിവസം അമ്മ പറഞ്ഞു ഞാൻ അറിഞ്ഞു ഡീന ചേച്ചി കന്യാസ്ത്രീ ആവാൻ പോവുകയാണെന്ന് . അവരുടെ കുടുംബത്തിൽ തുടരേ തുടരേ കുറേ അനർഥങ്ങൽ ഉണ്ടായപ്പോൾ അമ്മച്ചി നേർന്നത് ആണ് പോലും . മിണ്ടിയാൽ കരയുന്ന എന്റെ അമ്മ അതു പറഞ്ഞു കുറേ കരഞ്ഞു . കാര്യം മനസ്സിലായെങ്കിലും ഡീന ചേച്ചി ഇനി ഒരിക്കലും കല്യാണം കഴിക്കില്ല എന്നും പിന്നേ എപ്പോളും  ഒരു ഉണിഫോറം ഇട്ടേ നടക്കുള്ളൂ എന്നോക്കെ ആരോക്കെയോ പറയുന്നതിൽ നിന്നും അന്ന്  മനസ്സിലായിരുന്നു അത്രേ മനസ്സിലായുള്ളൂ . പിന്നീട് കാലം അങ്ങനേ മുന്നോട്ടു പോയി , പക്ഷേ സിനിമയിലോ അതോ നേരിട്ടോ ഒരു കന്യാസ്ത്രീയെ കാണുമ്പോൾ അത് ഡീന ചേച്ചി ആണോ എന്ന് ഞാൻ ശ്രദ്ധിച്ചു നോക്കും . അത് കൊണ്ട് തന്നേ ഡീന ചേച്ചിയെ ഞാനോ എന്റെ കസിൻസ് ആരും മറന്നില്ല എന്ന് പറയാം. ഞങ്ങൾ ഡൽഹിയിൽ നിന്നും വന്നപോഴേക്കും അമ്മച്ചിയും കുടുംബവും പാലക്കാട്‌ വിട്ടിരുന്നു . വല്ലപ്പോളും അമ്മച്ചിയുടെ മകൻ ജോർജ് അങ്കിൾ പാലക്കാട്‌ വരുമ്പോ വീട്ടിൽ വരും അങ്ങനെയാണ് കാര്യങ്ങൾ അറിയുന്നത് . കന്യാസ്ത്രീ ആയതും ചേച്ചി ഇപ്പോൾ സിസ്റർ റൊസിറ്റ ആയതു അങ്ങനെ ആണ് ഞങ്ങൾ അറിഞ്ഞത് .

ഏകദേശം 12 വർഷം മുൻപ് സുൽതാൻപേട്ട ജങ്ക്ഷനിൽ എന്തോ ആവശ്യത്തിനു പോയപ്പോൾ എൻറെ എതിരേ 2 കന്യസ്ത്രീമാർ നടന്നു വരുന്നുണ്ടായിരുന്നു . ചേച്ചി ഏതു സിസ്റ്റർ ആയാലും ഒറ്റ നോട്ടത്തിൽ തന്നേ  എനിക്ക് മനസ്സിലായി അത് ഡീന ചേച്ചി ആണെന്ന് . ഓടി ചെന്നു 'ഡീന ചേച്ചി' എന്നു വിളിച്ചു . 6 അടി പൊക്കമുള്ള ഒരു തടിമാടന്റെ ഒച്ച കേട്ടിട്ടാണോ അതോ ആ പഴയ പേര് കേട്ടിട്ടാണോ എന്നറിയില്ല ചേച്ചി ഒന്ന് പകച്ചു നിന്നു . കൂടേ ഉള്ള സിസ്റർ ആവട്ടേ ഉമ്മൻ ചാണ്ടിയെ പോലെ ഭബ്ഭാ പറയുന്നുണ്ടായിരുന്നു
 'മോൻ ഏതാ ?ആരാ?' . 
കുറച്ചു നേരം എന്നേ സൂക്ഷിച്ചു നോക്കിയിട്ട് ചിരിച്ചു കൊണ്ട് ചേച്ചി ചോദിച്ചു
 'അരുണ്‍ അല്ലേ എന്ന് ?' 
എൻറെ മൂത്ത കസിൻ ആണ് അരുണെട്ടൻ, പുള്ളിക്കാരൻ ആയിരുന്നു ചേച്ചിയുടെ മെയിൻ ശിങ്കിടി പിന്നിൽ വാലുകൾ ഞങ്ങൾ 5-6 പേരും .
 'അല്ല ഞാൻ ശബരിഷ് ആണ് ' 
എന്ന് പറഞ്ഞതും ചേച്ചി ബാക്കി പറഞ്ഞു 
'സൌമിനി ചേച്ചിയുടെ മോൻ ? അല്ലേ ? ഒരു അനിയത്തി കൂടി  ഇല്ലേ ?'
'അതേ ശ്യാമ '
ഉമ്മൻ ചാണ്ടിയിൽ നിന്നും അച്ച്ചുതാനണ്ടാനിലേക്ക് എത്തിയ മറ്റേ സിസ്റ്റർ മസിൽ പിടിച്ചു കൊണ്ട് ഞങ്ങൾ രണ്ടു പേരെയും തലങ്ങും വിലങ്ങും നോക്കുന്നുണ്ടായിരുന്നു . 
ഉടനേ ഡീന ചേച്ചി അവർക്ക് ഞങ്ങളേ കുറിച്ച് പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു . അങ്ങോട്ടും ഇങ്ങോട്ടും ഒന്നും പറയാൻ ഇല്ലാതെ ഞങ്ങൾ മൂന്നു പേർ വഴിയോരത്ത് ചിരിച്ചു കൊണ്ട് നിന്നു . കുറച്ചു നേരം കഴിഞ്ഞു  യാത്ര പറഞ്ഞു അവർ രണ്ടു പേരും അവരുടെ വഴിക്കു പോയി. ചേച്ചി എവിടെ ആണെന്നോ എന്തു ചെയുന്നു എന്നൊന്നും ചോദിക്കാത്തതിൽ ചെറിയ ഒരു വിഷമം ഉണ്ടായിരുന്നു എങ്കിലും അവരേ കണ്ടതിന്റെ ത്രിൽ ഒന്ന് വേറെ തന്നേ ആയിരുന്നു . ഇപ്പോൾ ഇതാ പെട്ടെന്ന് ഞങ്ങടെ വീട്ടിലേക്കു ഒരു വിസിറ്റ് . ചേച്ചി ഇപ്പോൾ അട്ടപ്പാടിയിൽ ആണേന്നും അവിടെ സ്കൂളിൽ കുട്ടികളേ  പഠിപ്പിക്കുന്നു എന്നൊക്കെ അമ്മ പറഞ്ഞു കേൾക്കുമ്പോൾ ഒരു സന്തോഷം . ജോർജ് അങ്കിളും , ഫിലോമിനാ ആന്റിയും , ഡെയ്സി ആന്റിയും ഒക്കേ ഇപ്പോളും എന്റെ ബാല്യകാലത്തെ ഓർമകളിൽ ഉണ്ട് . ചില ബന്ധങ്ങൾ അങ്ങനേ ആണ് അത് എല്ലാ തരത്തിലും അവർണനീയം ആണ് . ഒരു ചെറിയ ഓർമ കഷ്ണം കിട്ടേണ്ട താമസം പഴയ ഓർമ്മകൾ അല തല്ലി പോന്നോളും .

നോട്ട് ദി പോയിന്റ്‌ : ഇപ്പോൾ ആലോചിക്കുമ്പോൾ ചേച്ചിയോട് വല്ലാത്ത ആരാധന . അമ്മച്ചിയുടെ പ്രാർത്ഥന ഒരൽപം  കടന്ന കൈ ആയിപോയെന്നു തോന്നുമ്പോൾ പോലും , സ്വന്തം കുടുംബത്തിന്റെ നന്മയ്ക്കായി സുഖ സൌകര്യങ്ങൾ മാറ്റി വെച്ച് ദൈവീകമായ വഴി തിരഞ്ഞെടുക്കുക എന്ന് വച്ചാൽ ചില്ലറ കാര്യം വല്ലതും ആണോ ??  പുലി ആണ് ഞങ്ങടെ ഡീന ചേച്ചി !! അല്ലേ ??